മനസ്സില്‍ പല പദ്ധതികളും ആയിട്ടായിരുന്നു ജോനാസ് ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങിയത്.. "എല്ലാം ഞാന്‍ പ്ലാന്‍ ചെയ്ത പോലെ നടക്കുകയാണെങ്കില്‍...!!" സന്തോഷം കൊണ്ടവന് തുള്ളിച്ചാടാന്‍ തോന്നി..
" വേഗം ക്ലാസ്സില്‍ എത്തണം. ബാക്കി അലവലാതികള്‍ എത്തും മുന്‍പ് തന്നെ പോയി നല്ല ഒരു സീറ്റ് പിടിക്കണം. വിജയന്‍ തേയ്ക്കില്ല എന്ന് വിശ്വസിക്കാന്‍ പറ്റുകയില്ല. ജന്മസിദ്ധമായ വാസനകള്‍ മനുഷ്യന് അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോ."
പതിവിലും നേരത്തെ എണീറ്റ ജോനാസ് പതിവില്ലാതെ രാവിലെ ഒരു കുളിയും പാസ് ആക്കി. ഫുള്‍ കൈ കുപ്പായവും ധരിച്ചു അതൊന്നു tuck ഇന്‍ ഉം ചെയ്തു. കോലം കെട്ടിയിറങ്ങുന്ന ജോനസിനെ കണ്ടപ്പോള്‍ തന്നെ ജോനസിന്റെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി.
5 മിനിറ്റ് നടന്നാല്‍ എത്തുന്ന കോളേജില്‍ kinetic honda യില്‍ പോകണം എന്ന ആഗ്രഹാപ്രകടനതിന്റെ രണ്ടാം നാള്‍ ആ വണ്ടി മീന്‍കാരന്‍ മോയ്തുവിനു രണ്ടായിരം രൂപയ്ക്കു വിറ്റു. മോന്റെ കോളേജ് കുമാരന്‍ ആയതിലുള്ള ഇളക്കം ഒന്ന് കണ്ട്രോള്‍ ചെയ്യേണ്ടി ഇരിക്കുന്നു.. സ്കൂളില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവന്‍ ആ പഴയ കൂട്ടുകെട്ടില്‍ നിന്നും രക്ഷപെട്ടു എന്ന് കരുതിയതാണ് ... പക്ഷെ ആ പപ്പുവും, രാഹുല്‍ സി ശിനോയും, അബിയും, ഷണ്ണനു൦, ബജിമോനും, കരുപ്പഹരനും ഒക്കെ അടങ്ങുന്ന മെയിന്‍ അലവലാതി ഗ്രൂപ്പ് ഇതേ കോളേജില്‍ തന്നെ അഡ്മിഷന്‍ മേടിച്ചിട്ടുണ്ട്.
ലയോളയില്‍ വേറെ നല്ല പിള്ളേര്‍ ഇല്ലാഞ്ഞിട്ടല്ല, അവര്‍ വഷളനായ ജോനസിന്റെ അടുത്ത് കൂട്ട് കൂടാന്‍ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് അവന്‍ ഈ അലവലാതി കൂട്ടുകെട്ട് തുടങ്ങിയതെന്നുള്ള സത്യം ജോനസിന്റെ പാവം വീട്ടുകാര്‍ക്ക് അറിയത്തില്ലായിരുന്നു!!
ജോനാസ് വെളിയിലിറങ്ങി അവന്റെ സൈക്കിള്‍ തപ്പി.. കാണാനില്ല.. ഇവിടെ തന്നെയാണല്ലോ ഇന്നലെ വെച്ചത്..
"അമ്മേ.. എന്‍റെ സൈക്കിള്‍ എന്തിയെ?".
" കാക്ക കൊണ്ടുപോയി കാണും."
ഫിസിക്സ് കിടിലം എന്നു സ്വയം സംഭോദന ചെയ്തിരുന്ന ജോനസിനു ആ explanation തീരെ സുഖിച്ചില്ല.. കാക്കയുടെ power to weight ratio അതിനനുവദിക്കില്ല എന്നവന്‍ മനസ്സില്‍ കണക്കു കൂട്ടി.
"കാക്ക എങ്ങനാ അമ്മേ ഇത്രെയും വലിയ സൈക്കിള്‍ എടുത്തോണ്ട് പോകുന്നത്?"
"എടാ മണ്ടാ.. ഇവിടെ പഴയ പത്രമൊക്കെ മേടിക്കാന്‍ വരുന്ന കാക്കയേയാ ഞാന്‍ ഉദ്ദേശിച്ചത്"
"കാക്കക്കെന്തിനാ എന്‍റെ സൈക്കിള്‍"
"മകന് വേണ്ടി ആയിരിക്കും. കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്നാണല്ലോ "
ജോനസിനു അതിനു ഒരുത്തരവും കിട്ടിയില്ല.. അങ്ങനെ ബീമപള്ളിയില്‍ നിന്നും മേടിച്ച 500 രൂപയുടെ " ഐ പോട്" ചെവിയില്‍ തിരുകി കോളേജിലേക്ക് നടപ്പ് തുടങ്ങി..
ബീമപള്ളി ഐപോടും കാതില്‍ ഇട്ടൊണ്ടു ക്ലാസ്സില്‍ കയറി വന്ന ജോനസ് കണ്ടത് കുളിച്ചു ഒരുങ്ങി ചന്ദനകുറി ഒക്കെ ഇട്ട് ഇരിക്കുന്ന വിജയനെ ആണ്. കണ്ടപ്പോള്‍ തന്നെ ജോനസിനു വിജയന്റെ കളിയുടെ ഏകദേശ രൂപം പിടികിട്ടി. ഓഹോ..ജാതിസ്പിരിറ്റ് വെച്ചുള്ള കളി ആണ്!!
ഹും…സാരമില്ല… കുമാരിയെ വളയ്ക്കാന്‍ ഹിന്ദു ആകണം എന്നൊന്നും ഇല്ല…കാര്യങ്ങള്‍ താന്‍ മനസ്സില്‍ കണക്കു കൂട്ടിയത് പോലെ പോകുവാണെങ്കില്‍ 4 വര്‍ഷം കഴിഞ്ഞു പഠിച്ചിറങ്ങുമ്പോള്‍ കുമാരി തന്റെ കൂടെ ഞായറാഴ്ച പള്ളിയില്‍ കുറുബാനയ്ക്ക് കാണും..
അവളെ മതം മാറ്റുമ്പോള്‍ എന്തു പേരിടണം? തന്റെ പണ്ടത്തെ കുറ്റി ആയ സൂസന്‍ എന്നിട്ടാലോ….ഇല്ലെങ്കില്‍ വേണ്ട…അവളെ പോലെ തന്നെ അവളുടെ പേരിനും ഒരു അവലക്ഷണം ആണ്…ജോനസ് ചിന്തയിലാണ്ടു.
"ഓ..വന്നല്ലോ അഴകിയ രാവണന്‍"…ജോനസിനെ കണ്ടപാടേ വിജയന്‍ പറഞ്ഞു.
“ഓഹോ ഇവന്‍ തന്നെ തേയ്ക്കാനുള്ള പുറപ്പാടിലാണ്” ജോനസ് മനസ്സില്‍ പറഞ്ഞു.
“ഞാന്‍ വരുകയോ പോവുകയോ ചെയ്യും..അതിനു കണ്ട അണ്ടനും അടകോടനും എന്തു വേണം?”. ജോനസിനു വിട്ടു കൊടുക്കാന്‍ ഭാവം ഇല്ലായിരുന്നു.
“എനിക്കൊന്നും വേണ്ടായേ…അവസാനം മണ്ണും ചാരി നിന്ന അടകോടന്‍ പെണ്ണും കൊണ്ട് പോയി എന്നൊന്നും പറഞ്ഞു പിന്നെ കരഞ്ഞേക്കരുത്”.
“ ഉവ്വ….പെന്‍പിള്ളേരുടെ മുഖത്ത് നോക്കി പേരെന്തുവാ എന്നു ചോദിക്കാന്‍ ഉള്ള ധൈര്യം ഇല്ലാതവന്മാരാ പെണ്ണിനെ കൊണ്ട് പോകുന്നേ…മണ്ണു ചാരി നിന്ന് ചിതല്‍ പിടിക്കത്തെ ഉള്ളൂ..” ജോനസ് പിറു പിറുത്തു
“ങ്ങേ..എന്താ..” വിജയന്‍.
“ഓ..ഒന്നുമില്ല..” ജോനസ്
“അല്ല..നീ എന്തോ പറഞ്ഞു..”
“പറഞ്ഞെങ്കില്‍ കണക്കായി പോയി…ആദ്യം പറയുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കണം..ചെവി കേള്‍കാതെ കുറേ പേര്‍ ഇറങ്ങി കൊള്ളും..എന്‍ജിനീരിംഗ് പഠിക്കാന്‍”
ഇതു കേട്ട വിജയന്റെ കണ്ട്രോള്‍ പോയി. ഇവന്‍ എങ്ങനെ അറിഞ്ഞു എനിക്ക് ചെവിക്കു പ്രശ്നമുണ്ടെന്നു!!..ചെവി പൊട്ടന്‍ എന്ന പേരു വരാതിരിക്കാന്‍ താന്‍ ഇതു ആരോടും പറഞ്ഞിട്ടില്ലല്ലോ!!
“ധൈര്യമുണ്ടെങ്കില്‍ ഒന്നു കൂടി പറയെടാ..” വിജയന്‍ ചൂടായി..അവന്‍ ജോനസിന്റെ കോളറില്‍ കേറി പിടിച്ചു നിലത്ത് നിന്ന് അര അടി ഉയര്‍ത്തി..
ജോനസ് പെട്ടന്നുള്ള ഈ ആക്രമത്തില്‍ ഒന്നും ചെയ്യാനാവാതെ ശ്വാസം മുട്ടി പിടഞ്ഞു.
ഇതു കണ്ട ഹരിശങ്കര്‍ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് ഓടി.
ക്ലാസ്സില്‍ കുമാരി കേറി വരുന്നത് കണ്ടു വിജയന്‍ പെട്ടന്നു തന്നെ ജോനസിന്റെ കോളറില്‍ ഉള്ള പിടി വിട്ടു. എന്നിട്ടു കുമാരി കേള്‍ക്കെ ഉറക്കെ പറഞ്ഞു..
“കോളറില്‍ മൊത്തം അഴുക്കാണല്ലോ ജോനസേ..വേറെ ഷര്‍ട്ട് വേണമെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ…ഞാന്‍ എത്രെ പേര്‍ക്ക് ഡ്രെസ് ഒക്കെ കൊടുത്തിരിക്കുന്നു…ഞാന്‍ എല്ലാ ശനിയും ഞായറും അനാഥാലയങ്ങളില്‍ പോയി കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കുന്നത് നിനക്കു അറിയാവുന്നതല്ലേ..” കുമാരിയുടെ മുന്നില്‍ ആളാവാന്‍ വിജയന്‍ ഉറക്കെ പറഞ്ഞു.
എന്താണു സംഭവിച്ചെന്ന് മനസിലാവാതെ അന്തിച്ച ജോനസ് തിരിഞ്ഞു നോക്കി. സീറ്റില്‍ വന്നിരിക്കുന്ന കുമാരിയെ ജോനസ് കണ്ടു..
“ഓഹോ…അപ്പോ ഇവളെ കേള്‍പ്പിക്കാനായിരുന്നല്ലേ ഇവന്റെ ഈ നാടകം”..
“ഹിഹി…കണ്ടോടാ…ഇങ്ങനെയാണ് അമ്പിള്ളേര്‍ കളിക്കുന്നേ…ഓര്‍ത്തു വെച്ചോ..നമുടെ സ്കോര്: 1-0”
ജോനസ് ഒന്നും പറയാതെ വിജയനെ നോക്കി പല്ലിറുമ്മി.
“നിങ്ങള്‍ ഇതു എന്തു പരിപാടിയാ കാണിക്കുന്നേ”..ഹരി രണ്ടു പേരോടുമായി ചോദിച്ചു.”ഏതോ ഒരുത്തിക്ക് വേണ്ടി തമ്മില്‍ തല്ലി ചാകാനാനോ ഒരുക്കം?”
“അങ്ങനെ അവള്‍ ഏതോ ഒരുത്തി ഒന്നുമല്ല..” ജോനസ് വികാരാധീനനായി.
"ഹും..അവരുടെ ഒരു പ്രേമം...". ഹരി മനസ്സില്‍ പറഞ്ഞു. 'പ്രണയത്തെ കുറിച്ച് പറയുമ്പോള്‍...' ഹരിയുടെ ചിന്ത വീണ്ടും അന്ന് രാവിലെ ബസില്‍ വെച്ച് കണ്ട ആ 'ചേച്ചി'യെ പറ്റിയായി.
"ഛെ..അവരുടെ പേര് അറിയാന്‍ പറ്റിയില്ലല്ലോ".
ക്ലാസ്സില്‍ മാത്സ് ടീച്ചര്‍ വന്നത് കണ്ട എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.
ലഞ്ച് ടൈം.
വര്‍ക്ക്ഷോപ്പില്‍ റഫ് റെക്കോര്‍ഡ് വേണം എന്നറിഞ്ഞ എല്ലാവരും ഒരു നോട്ട് എങ്ങനെയെങ്കിലും ഒപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു.
നോട്ടില്‍ പേരൊക്കെ എഴുതികഴിഞ്ഞ ശേഷം പൊതിയാനായി ഒരു ബ്രൌണ്‍പേപ്പര്‍ അന്വേഷിച്ചു തൃഷ ചുറ്റും നോക്കി. അതാ നീരജ് അവിടെ ബുക്ക് പൊതിയുന്നു. അവന്റെ ഡെസ്കില്‍ വേറെ ഒരു ബ്രൌണ്‍പേപ്പറും ഉണ്ട്. ഒന്ന് ചോദിച്ചു കളയാം. ഇതിലും എത്രെ വലിയ സാധനങ്ങള്‍ താന്‍ പണ്ട് ചിരിച്ചു മയക്കി ഇത്തരം വായിനോക്കി പയ്യന്മാരുടെ കൈയില്‍ നിന്ന് ഒപ്പിച്ചിരിക്കുന്നു.. തൃഷ ആലോചിച്ചു.
തൃഷ നീരജ് alias പൂച്ചിയെ സമീപിച്ചു. എന്നിട്ട് ചോദിച്ചു.
"നീരജ്.."
"ങ്ങേ.." പൂച്ചി തൃഷയെ അപ്പോഴാണ് ശ്രദ്ധിക്കുന്നത്.തിരിഞ്ഞപ്പോള്‍
"ബ്രൌണ്‍ പേപ്പര്‍ ഉണ്ടോ? "
സ്ലോ മോഷനില്‍ കേട്ടത് കൊണ്ട് പൂച്ചിക്ക് കൃത്യമായി എന്താണ് അവള്‍ ചോദിച്ചതെന്ന് മനസ്സിലായില്ല. 'ബ്രൌണ്‍ ഷുഗര്‍' എന്നാണു പൂച്ചിയുടെ മനസ്സില്‍ പതിഞ്ഞത്. പൂച്ചിക്ക് സന്തോഷമായി. തന്നെ പോലെ തന്നെ കഞ്ചാവും മയക്കു മരുന്നും അടിക്കുന്ന ഒരു പെങ്കൊച്ചു തന്നെ വേണം എന്നത് പൂച്ചിയുടെ ആഗ്രഹമായിരുന്നു. കുടുംബസമേതം കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്നത് പൂച്ചി സ്വപ്നം കണ്ടു.
എന്നിട്ട് വൈകിട്ട് അടിക്കാനുള്ള തന്റെ ഡോസ് തൃഷയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. പാന്റ്സ് പോക്കറ്റില്‍ ഉള്ള തന്റെ ബ്രൌണ്‍ഷുഗര്‍ പാക്കറ്റിനായി പൂച്ചി പോക്കറ്റില്‍ കൈ ഇട്ടു പരതി.
ഇത് കണ്ടു തൃഷയ്ക്ക് എന്തോ പന്തികേട് തോന്നി. "അല്ല. ബ്രൌണ്‍ പേപ്പര്‍ ചോദിച്ചതിനു ഇവന്‍ എന്തിനാ പോക്കറ്റില്‍ കൈ ഇടുന്നത്? ".
"അല്ല. നീരജ്..പേപ്പര്‍..ബ്രൌണ്‍ പേപ്പര്‍.. ഈ ബുക്ക് ഒക്കെ പൊതിയുന്ന"..പൂച്ചിയുടെ അരികില്‍ കിടന്ന എക്സ്ട്രാ ബ്രൌണ്‍ പേപ്പര്‍ ചൂണ്ടികാട്ടി തൃഷ പറഞ്ഞു.
"ഛെ..ഇതായിരുന്നോ.." പൂച്ചി നിരാശനായി. പൂച്ചി തന്റെ നിരാശ മറച്ചു വെച്ച് ആ പേപ്പര്‍ തൃഷയ്ക്ക് കൊടുത്തു. എന്നിട്ട് കിട്ടിയ താങ്ക്സിനു ഒരു വെല്‍ക്കം തിരിച്ചു പറഞ്ഞു.
ഉച്ച തിരിഞ്ഞു 2 മണി…ക്ലാസ് മൊത്തം വര്‍ക്‌ഷോപ്പിലായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസം ആയി പ്ലാന്‍ ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കാനായി ജോനസും വിജയനും 5 മിനിട്സ് മുന്‍പ് തന്നെ വര്‍ക്‌ഷോപ്പില്‍ എത്തി സ്ഥാനം പിടിച്ചു.
പൂച്ചി തൃഷയുടെ വര്‍ക്ക്ഷോപ്പ് ബാച്ചില്‍ തന്നെ എങ്ങനെയും കേറി പറ്റണം എന്ന് തീരുമാനിച്ചു. പക്ഷെ തന്റെ പേര് വെച്ച് താന്‍ അവസാനത്തെ ബാച്ചില്‍ ആയിരിക്കും എന്ന് മനസ്സിലാക്കിയ പൂച്ചി വര്‍ക്ക്ഷോപ്പ് സാറിന്റെ അടുത്ത് പേര് മാറ്റി പറയാന്‍ തീരുമാനിച്ചു.
അറ്റന്‍ഡന്‍സ് എടുക്കുന്ന സമയം ആയി. പൂച്ചിയുടെ ശ്രദ്ധ തൃഷയില്‍ തന്നെ ആയിരുന്നു.പൊടുന്നനെ സര്‍ ചോദിച്ചു.
"അല്ല..ഇയാള്‍ ഈ ബാച്ച് ആണോ? എന്നിട്ട് പേര് പറഞ്ഞു കേട്ടില്ലല്ലോ?"...തന്റെ കൈയിലുള്ള ബാച്ച്ലിസ്റ്റ് മറിച്ചു നോക്കികൊണ്ട് സര്‍ ചോദിച്ചു.
പൂച്ചി ഒന്ന് പരുങ്ങി. T വെച്ച് തുടങ്ങുന്ന ഏതെങ്കിലും പേര് തന്നെ വേണം എങ്കിലല്ലേ ഈ ബാച്ചില്‍ തന്നെ എന്ന് പറയാന്‍ പറ്റൂ.
"ഉം..തന്റെ പേരെന്താ?" സര്‍ വീണ്ടും ചോദിച്ചു.
"ടി...ടി...ടിന്റുമോന്‍." പൂച്ചി വായില്‍ തോന്നിയ ഒരു പേര് പറഞ്ഞു.
എല്ലാവരും പൂച്ചിയെ തിരിഞ്ഞു നോക്കി. "ഇവന്റെ പേര് നീരജ് എന്നല്ലേ" എല്ലാവരും അത്ഭുതപെട്ടു.
"തന്റെ പേര് ഈ ലിസ്റ്റില്‍ ഇല്ലല്ലോ."...സര്‍ ലിസ്റ്റ് മൊത്തം ഒരു വട്ടം കൂടി നോക്കി.
"അല്ല...ടിന്റുമോന്‍ എന്നത് എന്റെ വീട്ടില്‍ വിളിക്കുന്ന പേരാണ്. അത് t വെച്ച് തുടങ്ങുന്നത് കൊണ്ട് ഈ ബാച്ചില്‍ കയറിയെന്നെ ഉള്ളൂ." പൂച്ചി എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചു.
"ഹ ഹ ...അത് കൊള്ളാം...വീട്ടില്‍ വിളിക്കുന്ന ടിന്റുമോനെന്നും വാവയെന്നും മോനുവെന്നുമൊക്കെയുള്ള പേര് വെച്ചാണോ വര്‍ക്ക്ഷോപ്പ് ബാച്ചില്‍ കയറുന്നെ...പോയി തന്റെ ഒറിജിനല്‍ ബാച്ചില്‍ കയറടോ"...സാറിന് ചിരി അടക്കാനായില്ല. സാറിന്റെ ചിരിയില്‍ ആ ബാച്ചിലെ ബാക്കി ഉള്ളവരും പങ്കു ചേര്‍ന്നു.
നിരാശനായ പൂച്ചി തിരിച്ചു തന്റെ ബാച്ചിന് അടുത്തേക്ക് നടന്നു. പൂച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വേറെ ആര് ചിരിച്ചതിലും തനിക്കു സങ്കടമില്ല. പക്ഷെ തൃഷ ആര്‍ത്തു ചിരിക്കുന്നത് ഇപ്പോഴും കേള്‍ക്കാം. പൂച്ചി സങ്കടത്തോടെ ആലോചിച്ചു.
(പിന്നീട് തൃഷയുടെ ഈ ചിരി വളരെ പ്രസിദ്ധമായി. തൃഷ ചിരിക്കുന്നത് പട്ടി മോങ്ങുന്നത് പോലെയാണെന്നും അല്ല കുതിര കരയുന്നത് പോലെയാണെന്നും മറ്റു ചിലര്‍ വണ്ടി ബ്രെക്കിടുന്നത് പോലെയാണെന്നും പറഞ്ഞു ക്ലാസ്സില്‍ ഒരു തര്‍ക്കം തന്നെ ഒരിക്കല്‍ ഉണ്ടായി!!)
ജോനസ്,വിജയന്‍,സുമേഷ്,തരുണ്‍,
വര്‍ക്ക്ഷോപ്പ് സാറിന്റെ ആദ്യത്തെ അരമണിക്കൂര്‍ പ്രസംഗം കഴിഞ്ഞു ടീം ഫിറ്റിംഗ് ചെയ്യാന്‍ ഒരുങ്ങി.
ഹിരണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ സുമെഷിന്റെയും ജോനസിന്റെയും വിജയന്റേയും കണ്ണുകള്‍ കുമാരിയില്‍ തന്നെ ആയിരുന്നു. തരം കിട്ടുമ്പോള്‍ സ്കോര്‍ ചെയ്യണം..ഇതായിരുന്നു മൂവരുടെയും പ്ലാന്‍.
ഫിറ്റിംഗ് തുടങ്ങി.
ജോനസിന്റെ ഒരു കണ്ണ് കുമാരിയിലും മറ്റെ കണ്ണ് മെറ്റല്‍ പീസിലും ആയിരുന്നു. എന്നാല്‍ ജോനസിനെ പോലെ വര്‍ക്ക്ഷോപ്പ് ചെയ്തു പഠിക്കാന്‍ വിജയന് ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നു. അവന്റെ രണ്ടു കണ്ണുകളും പീസില്‍ തന്നെ ആയിരുന്നു - കുമാരി എന്ന പീസില്‍.
തന്റെ കണ്ണ് കുമാരിയില്‍ വെയ്ക്കണോ അതോ തന്റെ മെറ്റല്‍ പീസില്‍ വെയ്ക്കണോ എന്ന് തീരുമാനിക്കാനാവാതെ സുമേഷ് ധര്‍മസങ്കടത്തില്‍ ആയി. അങ്ങനെ അവന്‍ സ്വന്തം കണ്ണുകള്‍ time division multiplex ചെയ്യാന്‍ തീരുമാനിച്ചു. ആ multiplexing ഒന്നും പഠിച്ചിട്ടില്ലാത്ത അവന്റെ hacksaw blade പല തവണ ഒടിഞ്ഞു കയ്യില്‍ വന്നു. അങ്ങനെ ഏകദേശം ഒരു അര കിലോ ഹാക്ക്സോ ബ്ലേഡ് അന്ന് സുമേഷ് വേസ്റ്റ് ആക്കുകയുണ്ടായി.
ഇടയ്ക്കിടയ്ക്ക് ജോനാസ് പത്തടി അപ്പുറത്ത് ഷെള്‍ഫില്‍ വെച്ചിരിക്കുന്ന തന്റെ ബാഗില്‍ നോക്കുന്നുണ്ടായിരുന്നു. അതിലുള്ള സാധനം വെച്ചാണ് താന്‍ സ്കോര്‍ ചെയ്യാന്‍ പോകുന്നത്. ഇന്നു രാവിലെ വിജയന്‍ തേച്ചതിന് പകരം ഇതെങ്കിലും ചെയ്തേ പറ്റൂ..ജോനാസ് തന്റെ പ്ലാന്‍സ് എങ്ങനെ കുറച്ചു കൂടി നന്നാക്കാം എന്ന ആലോചനയിലാണ്ടു.
വിജയന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കുമാരിയെ വളയ്ക്കാനുള്ള ടെക്നീക്സ് തന്റെ കൈയിലുണ്ട്. തന്റെ വെള്ളമടി കമ്പനിയായ ചേട്ടന്മാര്‍ ഇന്നലെ വെള്ളമടി സെഷനില്‍ തന്ന ടിപ്സ് മാത്രം മതി ഇതൊക്കെ ചെയ്യാന്‍.
“ ഹോ..മുട്ടന്‍ ടെക്നീക്സ് തന്നെ. പക്ഷേ ഇതൊക്കെ കൈയിലുണ്ടായിരുന്നിട്ടും അവന്മാര്‍ മൂഞ്ചി തിരിച്ചു ഇങ്ങനെ കമ്മിറ്റട് ആള്‍ക്കാരെ കുറ്റം പറഞ്ഞു നടക്കുന്നതെന്തിനാ?” വിജയന് മനസ്സിലായില്ല .
ആ..ഇതൊക്കെ ഞാന്‍ ആലോചിക്കുന്നതെന്തിനാ….”
ആ ചേട്ടന്മാര്‍ പറഞ്ഞു തന്നെ ടെക്നീക്സ് ഫലിക്കും എന്നു വിജയനു നല്ല വിശ്വാസമുണ്ടായിരുന്നു. ഒരു അവസരം കിട്ടിയാല്‍ മാത്രം മതി.
സൂമേഷിന്റെ ശ്രദ്ധ ആദ്യം കുമാരിയില്‍ ആയിരുന്നെങ്കിലും പിന്നീട് അതു പതുക്കെ ഫിറ്റിങ്ങില്‍ ആയി. കാരണം അപ്പുറത്ത് ഷണ്ണന്‍ നിന്ന് തകര്‍ത്തു ഫിറ്റിംഗ് ചെയ്യുന്നത് കണ്ടിട്ട് സുമേഷിനു സഹിച്ചില്ല. അവന്റെ ശ്രദ്ധ തെറ്റിയ സമയത്താണു അതു സംഭവീച്ചത്.
ഫിറ്റിംഗ് ചെയ്തു ക്ഷീണിച്ച കുമാരി വെള്ളം കുടിക്കാന്‍ വേണ്ടി മെറ്റല്‍ ഫയലിംഗ് നിര്‍ത്തി. കുമാരിയുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്ന ജോനസിനു ഇതു തന്നെ അവസരം എന്നു മനസ്സിലായി. ജോനാസ് പിന്നീട് ഒരു നിമിഷം പോലും കളഞ്ഞില്ല. കട്ടിങ്ങിനുള്ള ഹക്ക്സൊ ബ്ലേഡ് താഴെ ഇട്ടിട്ട് ജോനാസ് ഷെല്‍ഫിന്ടെ അടുത്തേക്ക് ഓടി. എന്നിട്ടു ബാഗ് തുറന്നു താന്‍ കൊണ്ട് വന്ന കുപ്പി കൈയില്‍ എടുത്തു. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ടു തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് വരാന്‍ തോന്നിയ തന്റെ ബുദ്ധിയില്‍ ജോനാസ് അഭിമാനം കൊണ്ടു
കുപ്പിയുമായി ജോനാസ് കുമാരിയുടെ അരികിലേക്ക് ഓടി. ഫിറ്റിംഗ് ടേബിളില്‍ നിന്ന് തിരിഞ്ഞു നടക്കാനൊരുങ്ങിയ കുമാരിയുടെ അടുത്തേക്ക് കുപ്പി നീട്ടിക്കൊണ്ട് ജോനാസ് പറഞ്ഞു
“ദാ…കുമാരി..വെള്ളം …”
കുമാരി ഒന്നു അമ്പരന്നു. ഇതു ഇന്നലെ തേർഡ് ബെഞ്ചില്‍ ഇരുന്ന ആ പയ്യനല്ലേ. ഇവന്‍ എന്താ പെട്ടന്നു വെള്ളം ഒക്കെ കൊണ്ട് തരുന്നേ.
എന്തായാലും കുമാരി ആ വെള്ളം മേടിച്ചു കുടിച്ചു. എന്നിട്ട് കുപ്പി ജോനസിനു തിരിച്ചു കൊടുത്തു. എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു ..”താങ്ക്സ്”
ജോനസിനു ലോകം തിരിയുന്നതായി തോന്നി. കുമാരി തന്റെ അടുത്തു ആദ്യമായി സംസാരിക്കുന്നു.
ജോനാസ് ഷെല്‍ഫിന്ടെ അടുത്തേക്ക് ഓടുന്നത് കണ്ട വിജയന്‍ അമ്പരന്നു നില്‍ക്കുവായിരുന്നു. “ഇവന്‍ ഇതു എന്താണു കാണിക്കുന്നത്”. പിന്നീട് ജോനാസ് കുപ്പിയുമായി കുമാരിയുടെ അടുതെത്താറായപ്പോഴാണ് വിജയനു ജോനസിന്റെ പദ്ധതികള്‍ പിടി കിട്ടിയത്. “ഛെ..ഇതു മുന്‍കൂട്ടി കാണാനായില്ലല്ലോ”..വിജയന്‍ നിരാശപെട്ടു.
“ഇനി എന്തായാലും ജോനസിനു അധികം സമയം കൊടുക്കാന്‍ പാടില്ല…അതിനു മുന്‍പ് അവരുടെ അടുത്ത് എത്തണം”.ഇതു ആലോചിച്ചു കൊണ്ട് വിജയന്‍ അവരുടെ അടുത്തേക്ക് നീങ്ങി.
ജോനാസ് കുമാരിയുടെ അടുത്തു സ്വയം പരിചയപെടുത്തുകയായിരുന്നു.
“ഞാന്‍ ജോനാസ്…”
“ജോനാസ് എം”
“ജോനാസ് എം വര്‍ഗീസ്.”
ജെയിംസ് ബോണ്ട് സ്റ്റൈലില്‍ ജോനാസ് പറഞ്ഞു. താന്‍ മനസ്സില്‍ കണക്കു കൂട്ടിയത് പോലെ തന്നെ എല്ലാം നടന്നതില്‍ ജോനാസ് വളരെ സന്തോഷവാനായിരുന്നു.
ഇതിനിടയില്‍ ഇവരുടെ അടുത്തെത്തിയ വിജയന്‍ കുമാരിയെ നോക്കി ചിരിച്ചു. എന്നിട്ടു ജോനസിന്റെ അടുത്തു പറഞ്ഞു. “ദാ..നിന്നെ ആ ഷണ്ണന്‍ വിളിക്കുന്നു….എന്തോ സഹായം വേണമെന്നു”.
“ഓ..ഞാന്‍ പൊയികൊള്ളാം”…ജോനാസ് വിജയനോടുള്ള തന്റെ അരോചകത മറച്ചു വെച്ചില്ല.
“ഹലോ കുമാരി”…വിജയന്‍ കുമാരിയോടു പറഞ്ഞു. കുമാരിയുടെ ഹലോ തിരിച്ചു കേട്ട വിജയന്‍ സ്വയം പരിചയപെടുത്താന്‍ തുടങ്ങി. ജെയിംസ് ബോണ്ട് സ്റ്റൈലില്‍ പേരു പറഞ്ഞ ജോനസിന്റെ ഒരു പടി മുന്‍പില്‍ നില്‍ക്കണം എന്നു വിജയനു നിര്‍ബന്ധമായിരുന്നു
“ഞാന്‍ വിജയന്‍…”
“വിജയ ശങ്കരന്‍…”
“വിജയ ശങ്കരന്‍ രാമന്‍കുട്ടി”
“വിജയ ശങ്കരന്‍ രാമന്‍കുട്ടി തങ്കപ്പന്‍” വിജയന്‍ അപ്പൂപ്പന്റെ അച്ഛന്റെ പേരും കൂടി ചേര്‍ത്തു ഗമയോടെ പറഞ്ഞു.
“ഇവിടെ പലര്‍ക്കും അപ്പൂപ്പന്റെ പേരു വരെയേ അറിയൂ…കുടുംബത്തില്‍ പിറന്നവര്‍ അങ്ങനെയല്ല…6 തലമുറയിലുള്ളവരുടെ പേരു വരെ ഓര്‍ത്തിരിക്കും..” വിജയന്‍ ജോനസിനെ നോക്കി ഒരു ആക്കിച്ചിരി ചിരിച്ചു കുമാരിയുടെ അടുത്തു പറഞ്ഞു.
ആ ഡയലോഗ് അധികം ഇഷ്ടപെട്ടില്ലെങ്കിലും കുമാരി വിജയനെ നോക്കി ഒരു കൃത്രിമ ചിരി പാസ്സ് ആക്കി.
എന്നിട്ടു കുമാരി രണ്ടു പേരോടുമായി പറഞ്ഞു. “എനിക്ക് വയ്യ.. എത്രെ ഫയല്‍ ചെയ്തിട്ടും ഇതു ശരി ആകുന്നില്ല…”
അതു കഴിഞ്ഞു സംഭവീച്ചത് കുമാരി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു. കുമാരിയുടെ ഈ പരാതി കേട്ട പാതി കേള്‍ക്കാത്ത പാതി വിജയനും ജോനസും അവിടെ നിന്നും മത്സരിച്ചോടി ഓരോരോ മെറ്റല്‍ പീസ് എടുത്തു. എന്നിട്ടു ഫയലിംഗും തുടങ്ങി.
ഇനി തന്റെ കമ്പനി ചേട്ടന്മാര്‍ പറഞ്ഞ ടെക്നീക് ഉപയോഗിച്ച് കളയാം….വിജയന്‍ തീരുമാനിച്ചു…
ശരപഞ്ചരം സിനിമയില്‍ കുതിരെയെ തടവുന്ന ജയനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വിജയന്‍ തന്‍റെ ശ്രമം ആരംഭിച്ചു. കുമാരിയുടെ തൊട്ടു മുന്നിലുള്ള വര്‍ക്ക് ബെഞ്ചില്‍ പുറം തിരിഞ്ഞു നിന്ന് പണി തുടങ്ങി. എത്രയും പെട്ടന്ന് ഒരു പെര്‍ഫെക്റ്റ് ഫിറ്റിംഗ് പീസ് ഉണ്ടാക്കി കുമാരിയെ ഇമ്പ്രെസ്സ് ചെയിക്കണം. കുമാരിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ചില മുക്കല്‍ മൂളല്‍ ശബ്ദങ്ങളും വിജയന്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട ജോനസ് ഒന്നും ചെയ്യാനാവാതെ ഞെരിപിരി കൊണ്ടു.
http://www.youtube.com/watch?v=cZblHraTWiw
ചത്തു കിടന്നു ഫയലിംഗ് നടത്തുന്നതിനിടയില്‍ രണ്ടു പേരും എതിരാളിയുടെ മെറ്റല്‍ പീസ് ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
ടെക്നീക് ഫലിക്കാത്തതില്‍ വിജയന്‍ നിരാശനായിരുന്നു. ശരപഞ്ചരം നമ്പര്‍ ഇറക്കിയാല്‍ സിനിമയില്‍ ഷീലയുടെ റെസ്പോൺസ് ആണ് കുമാരിയില്‍ നിന്ന് പ്രതീക്ഷിച്ചത്….പക്ഷേ കുമാരി ഒരു ഭാവഭേദവുമില്ലാതെ നില്‍ക്കുവായിരുന്നല്ലോ
എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ അത്ഭുതപെട്ട കുമാരി രണ്ടു പേരുടേയും സമീപതെത്തി
കുമാരിയെ കണ്ട ജോനാസ് പറഞ്ഞു…” ദാ നോക്കൂ കുമാരി..ഞാന്‍ കുമാരിയുടെ മെറ്റല്‍ പീസ് ആണ് ഫയല്‍ ചെയ്യുന്നത്..”
വിജയന്‍ വിട്ടു കൊടുത്തില്ല…”അല്ല കുമാരി..ഞാന്‍ ഫയല്‍ ചെയ്യുന്ന പീസ് ആണ് കുമാരിയുടേത്..”
"അല്ല കുമാരി ഞാന്‍ ഫയല്‍ ചെയ്യുനതാണ് കുമാരിക്കുള്ളത്... "
"നോക്ക് കുമാരി, ഞാന്‍ എത്ര ഭംഗിയായി ഫയല്‍ ചെയ്തിരിക്കുന്നുവെന്ന്... "
ഇതു കണ്ടു കൊണ്ട് നിന്ന തരുണിന്റെ മനസ്സില്‍ പഴയ ഒരു മലയാളം പടത്തില്‍ ശ്രിനിവാസനും മണിയന്‍പിള്ള രാജുവും കൂടി മാഗി എന്ന കഥാപാത്രത്തെ വളയ്ക്കാന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ ആണ് ഓര്‍മ വന്നത്.
ഇത്രേം ഇളക്കമുള്ള പയ്യന്മാരെ കുമാരി ആദ്യമായി കാണുകയായിരുന്നു. കുമാരി ഒന്നും പറയാതെ മന്ദഹസിക്കുക മാത്രം ചെയ്തു.
“രക്ഷപെട്ടു….ഇനി കാര്‍പെന്‍ട്രിയും ഫൌന്‍ട്രിയും ഒക്കെ ഇവരെ കൊണ്ട് തന്നെ ചെയ്യിക്കാം..” കുമാരി മനസ്സില്‍ പദ്ധതിയിട്ടു ഒരു കൊലച്ചിരി പാസ് ആക്കി.
അര മണിക്കൂര്‍ നേരത്തെ ഫയലിംഗ് കൊണ്ട് ജോനസും വിജയനും ഫിറ്റിംഗ് കംപ്ലീട് ചെയ്തു..എന്നിട്ടു രണ്ടു പേരും മെറ്റല്‍ പീസുകളുമായി കുമാരിയെ സമീപിച്ചു.
“ദാ..കുമാരി…മെറ്റല്‍ പീസ്…നോക്കൂ എന്തു മനോഹരമായിരിക്കുന്നു”…വിജയന്‍ പറഞ്ഞു.
“അല്ല കുമാരി..ഈ മെറ്റല്‍ പീസ് ആണ് കൂടുതല്‍ നല്ലത്….” ജോനസ് പറഞ്ഞു.
"ഹും..നിന്റെ പീസ് എന്തിനു കൊള്ളാം..ഫയലിംഗ് എന്തെന്നറിയാത്ത കുറെയെണ്ണം ഇറങ്ങിക്കൊള്ളും"...വിജയന്‍ പറഞ്ഞു.
ഇത് ഇഷ്ടപെടാത്ത ജോനാസ് ദേഷ്യത്തോടെ വിജയനെ സമീപിച്ചു. വിജയനുമായി ഏറ്റുമുട്ടിയാല്‍ ബാക്കി കാണില്ല എന്ന് അറിയാമായിരുന്നിട്ടും കുമാരി അടുത്തുണ്ടായിരുന്നത് കൊണ്ട് ജോനസിനു വേറെ ഒരു ആവേശമായിരുന്നു.
രണ്ടു പേരും മെറ്റല്‍ പീസുകളുമായി കുമാരിയുടെ അടുത്തേക്ക് ഓടുന്നത് കണ്ടപ്പോള്‍ തന്നെ ഇതു പ്രതീക്ഷിച്ച തരുണ്‍ ഓടി വന്നു രണ്ടു പേരെയും പിടിച്ചു മാറ്റി.
ഷണ്ണനുമായി മത്സരിച്ചു ഫിറ്റിംഗ് ചെയ്ത സുമേഷ് അപ്പോഴാണ് കുമാരിയെ പറ്റി ഓര്‍ത്തത്. ഈ ബഹളമൊക്കെ കണ്ടപ്പോള്‍ ഇതു തന്നെ അവസരം എന്നു കരുതി സുമേഷ് വന്നു താന്‍ ഇത്രേം നേരം കൊണ്ട് ചെയ്ത മെറ്റല്‍ പീസ് കുമാരിയുടെ നേര്‍ക്ക് നീട്ടി കൊണ്ട് പറഞ്ഞു.
“ദേഖോ…മേനെ തുംഹാരെ ലിയേ ഏക് മെറ്റല്‍ പീസ് ബനായ ഹൈ..തും യൂസ് ലെ സക്തേ ഹോ ”
സുമേഷിന്റെ ഹിന്ദി കേട്ട കുമാരി കോരിത്തരിച്ചു പോയി. ദില്‍ ചാഹ്ത ഹൈയില്‍ അമീര്‍ ഖാന്‍ പ്രീതി സിന്റയെ പ്രപോസ് ചെയ്ത സീന് ആണ് കുമാരിയുടെ മനസ്സില്‍ ഓടി വന്നത്.
കുമാരി സന്തോഷത്തോടെ സുമേഷ് തന്ന മെറ്റല്‍ പീസ് സ്വീകരിച്ചു.എന്നിട്ടു ചോദിച്ചു.
"ഇത്രെ പെട്ടന്ന് എങ്ങനെ മെറ്റല്‍ പീസ് കട്ട് ചെയ്തു ?". തന്റെ "കട്ടിങ്ങ്സില്‍" കുമാരി ഇമ്പ്രേസ്സ്ഡ് ആയി എന്ന് മനസിലാക്കിയ സുമേഷ് പുച്ഛത്തോടെ ജോനസിനെയും വിജയനെയും പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു. "ഇതൊക്കെയെന്ത്?" .
എന്നിട്ടു ടെക്നീക് ഡിസ്‌കസ് ചെയ്യാനായി സുമേഷും കുമാരിയും ഹിന്ദിയില്‍ സംസാരിച്ചു കൊണ്ട് സുമേഷിന്റെ വര്‍ക്ക്‌ബെഞ്ചിലേക്ക് പോയി.
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയത് കണ്ട വിജയനും ജോനസിനും ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. അവന്മാരുടെ സ്ഥലകാല ബോധം നഷ്ടപെട്ടു.
“ഛെ..ഇതിനു പോകാതെ ചേട്ടന്മാര്‍ പറഞ്ഞു തന്ന ആ അറ്റകൈ തന്നെ പരീക്ഷിക്കാമായിരുന്നു”…സിനി
ജോനസിന്റെയും വിജയന്റെയും പ്ലാന്‍ 8 നിലയില്‍ പൊട്ടിയത് കണ്ടു സന്തോഷം തോന്നിയെങ്കിലും സുമേഷ് അപ്രതീക്ഷിച്ചതമായി ഗോള്‍ അടിച്ചതില്‍ തരുണ്‍ അസ്വസ്ഥനായിരുന്നു. “അവന്റെ ഒരു കോപ്പിലെ ഹിന്ദി..ഛെ..ഇതു മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ ആ മണ്ടന്‍ ഷണ്ണനെ കൊണ്ട് എന്തെങ്കിലും ചെയ്യിച്ചു ഇത് കൊളമാക്കാമായിരുന്നു..”
സംഭവിച്ച ഈ തിരിച്ചടിയുടെ സങ്കടം തീര്‍ക്കാന്‍ വിജയന്‍ ഒരു വെള്ളമടി സെഷൻ ഓര്‍ഗനൈസ് ചെയ്യാന്‍ തീരുമാനിച്ചു.
എന്തു സംഭവിച്ചു എന്നു അറിയില്ലെങ്കിലും ഓസിനു 2 പെഗ് തടഞ്ഞാലോ എന്നു ആശിച്ചു അന്ന് രാത്രി എല്ലാവരും കോളേജിനടുത്തുള്ള പവോയുടെ വീട്ടില്‍ ഒത്തുകൂടി.
ഹൃദയം തകര്‍ന്ന വിജയന്‍ ഓര്‍ഗനൈസ് ചെയ്ത ആ വെള്ളമടി സെഷനില്‍ സംഭവിച്ചതെന്ത്?
5 പെഗ് കഴിഞ്ഞു പാവോ വെളിപ്പെടുത്തിയ ഞെട്ടിക്കുന്നതും അറപ്പുള്ളതുമായ ആ രഹസ്യം എന്തായിരുന്നു?
മാനഹാനി ഭയന്ന് പ്രിത്വിരാജേട്ടനെ തള്ളി പറഞ്ഞ ഉലകന്‍ കുറ്റബോധം കൊണ്ട് വെള്ളമടിച്ചു മരിക്കുമോ?
ഇതെല്ലാം അറിയാന്‍ കാത്തിരുന്നു വായിക്കുക…സൂപ്പര്‍ ഹിറ്റ് എപിസോഡ്.
http://www.youtube.com/watch?v=nMY80ZWNHjs link for the aram+aram=kinnaram maggiye impress cheyyanulla scene... :)
ReplyDeletetoo good.. :)
ReplyDelete