Monday, 10 October 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 5 : കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കുമാരി[1988 - ]. എറണാകുളം ജില്ലയിലെ നെല്ലിയാംതോട് എന്ന ഗ്രാമത്തില്‍ ജനനം. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഏകപുത്രി.
നെല്ലിയാംതോടിന്റെ അഭിമാനഭാജകം. ചൈനീസ് ആയോധനകലയായ കരാട്ടയില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌. ഭരതനാട്യത്തില്‍ അഗ്രഗ്രണ്യ. ആരും കണ്ടാല്‍ ഒന്ന് കൂടി നോക്കിപോകുന്ന സൗന്ദര്യം.......ഇങ്ങനെ ഒക്കെ ആയിരുന്നു കുമാരി തന്നെക്കുറിച്ച് ധരിച്ചു വെച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ കുമാരിക്ക് ഹിന്ദി സിനിമയോട് വന്‍ താല്പര്യം ആയിരുന്നു. ഹിന്ദി ഭാഷയോടും. അമീര്‍ ഖാന്‍ ആയിരുന്നു ഇഷ്ട നടന്‍. രണ്ടു വയസ്സുള്ള കുമാരി ഊണ് കഴിക്കുന്നതും പാല് കുടിക്കുന്നതും ടിവിയില്‍ അമീര്‍ഖാന്റെ പടം കണ്ടു കൊണ്ടായിരുന്നു.

അമീര്‍ഖാനെ കാണണം അമീര്‍ഖാനെ കാണണം എന്ന് പറഞ്ഞു കുമാരി എന്നും വീട്ടില്‍ ബഹളം വെയ്ക്കുമായിരുന്നു. 'പട്ടിക്കാട്ടില്‍ അമീര്‍ഖാനെ എവിടെ നിന്നും കാണിക്കും' എന്ന് ആലോചിച്ചു കുഴഞ്ഞ കുമാരിയുടെ അമ്മ അവസാനം അമീര്‍ഖാന്‍ എന്നും പറഞ്ഞു ബീഹാറില്‍ നിന്ന് വന്ന കൂലിപണിക്കാരെ കാണിച്ചു 'ദാ മോളെ അമീര്‍ഖാന്‍' എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സമാധാനിപ്പിച്ചു പോന്നിരുന്നു!!

കുമാരിയുടെ കൂടെ കുമാരിയുടെ ഹിന്ദി വീക്നെസ്സും വളര്‍ന്നു വന്നു. വളര്‍ന്നപ്പോള്‍ കുമാരിയുടെ കൂട്ട് ഡല്‍ഹിയില്‍ നിന്ന് വന്ന അപ്പുറത്തെ വീട്ടിലെ മാലതി ചേച്ചി ആയി. കാരണം ചേച്ചി എപ്പോഴും ഡല്‍ഹി വിശേഷങ്ങള്‍ കുമാരിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. ഡല്‍ഹിയില്‍ പിച്ചക്കാര്‍ പോലും ഹിന്ദി ആണ് സംസാരിക്കുന്നതെന്ന വാര്‍ത്ത കേട്ട് കുമാരി കോരിതരിച്ചിരുന്നു പോയി !!

അങ്ങനെ നെല്ലിയാംതോടിന്റെ പോന്നോമനപുത്രിയായി കുമാരി വളര്‍ന്നു വന്നു. എട്ടാം ക്ലാസ്സില്‍ വെച്ചു കുമാരിക്ക് കരാട്ടെ പഠിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം ഉദിച്ചു. മോളുടെ ഇതൊരു ആഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛന്‍ കുമാരിയെ നെല്ലിയാംതോടിന്റെ ജാക്കിചാന്‍ ആയ മുരുക്കിനാട് ഷാജിയുടെ കരാട്ടെ ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കി. പുള്ളി പണ്ടത്തെ ഒരു ചിലറ ഗുണ്ട ഒക്കെ ആയിരുന്നു. പിന്നീട് നാട്ടില്‍ ഗുണ്ടാ നിയമം വന്നപ്പോള്‍ പിടിച്ചു നില്ല്ക്കാനാവാതെ ഗിയര്‍ ഒന്ന് മാറ്റി പിടിച്ചു ഇപ്പോള്‍ ഒരു കരാട്ടെ സ്കൂള്‍ ഒക്കെ നടത്തി പിള്ളേരെ പഠിപ്പിച്ചു ജീവിക്കുന്നു.
"കരാട്ടെ നന്നായി പഠിച്ചാല്‍ ബ്ലാക്ക്ബെല്‍റ്റ്‌ കിട്ടും, പിന്നെ ഒരുത്തനെയും പേടിക്കണ്ട" എന്ന് മാലതിചേച്ചി പറഞ്ഞത് ഓര്‍ത്തു കരാട്ടെ ക്ലാസില്‍ എല്ലായിടത്തും ബ്ലാക്ക്ബെല്‍റ്റ്‌ തിരഞ്ഞ കുമാരിയുടെ കണ്ണില്‍ ഗുരുവായ ഷാജിയുടെ അരയില്‍ കെട്ടിയിരുന്ന ബ്ലാക്ക്ബെല്‍റ്റ്‌ പതിഞ്ഞു .
"ഇനി മോള്‍ എന്നെ ഒന്ന് അറ്റാക്ക്‌ ചെയ്തെ.. എങ്ങനെ ആണ് ഡിഫെന്റ്റ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചു തരാം" എന്ന ഷാജിയുടെ വാക്ക് കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരി കാലു പൊക്കി ഷാജിയുടെ ബെല്‍റ്റ്‌ ലക്ഷ്യം ആക്കി ഒരു ചവിട്ടു ചവിട്ടി.
പത്തു മിനിറ്റ് കഴിഞ്ഞു കുമാരി കരാട്ടെ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ കൂടെ ആ ബ്ലാക്ക്‌ബെല്‍ട്ടും ഉണ്ടായിരുന്നു. കരാട്ടെയുടെ പരമോന്നത പീഠം കിട്ടി എന്ന് വിചാരിച്ച കുമാരി പിന്നീട് എല്ലാരോടും ഞാന്‍ കരാട്ടെ ബ്ലാക്ക്ബെല്‍റ്റ്‌ ആണ് എന്ന് പറഞ്ഞു പരത്തി. വെറും ഒരു ദിവസം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ്‌ കിട്ടിയ കുമാരിയുടെ വീരസാഹസിക കഥ കേട്ട നെല്ലിയാംതോടിലെ പൂവാലന്മാര്‍ ചുമ്മാ എന്തിനു തടി മിനകെടുത്തനം എന്ന് കരുതി കുമാരിയെ ഒഴിവാക്കി ബാക്കിയുള്ള പെണ്‍കിടാങ്ങളില്‍ concentrate ചെയ്തു പോന്നു.

അന്ന് കുമാരിയുടെ ചവിട്ടു അസ്ഥാനത്ത് മേടിച്ച മുരുക്കിനാട് ഷാജിയുടെ വംശപരമ്പര പിന്നീടു ദത്ത്പുത്രനായ സ്പാനര്‍ ഷിബു വഴിയാണ് നില നിന്നത്!!

രണ്ടു വര്‍ഷം കഴിഞ്ഞു പത്താം ക്ലാസ്സ്‌ പാസ്‌ ആയപ്പോള്‍ കുമാരി ടൌണില്‍ ഉള്ള സ്കൂളില്‍ പോയി ചേര്‍ന്നു. ചേര്‍ന്നു അഞ്ചാം ദിവസം സ്കൂളിലെ ഇടനാഴിയിലൂടെ നടന്ന കുമാരി കുറച്ചു സീനീയേയ്യ്സ്സിനെ പാസ്‌ ചെയ്തു പോകുകയുണ്ടായി. "ഇവള്‍ക്ക് ശോഭനയുടെ അതെ ഫേസ്കട്ട്‌ ആണ്ണല്ലോ" എന്ന ഒരുത്തന്റെ അടക്കിപിടിച്ചുള്ള കമന്റ്‌ കുമാരി കേട്ടു. "ശരിയാണല്ലോ". വേറൊരുത്തന്‍ അത് ശരി വെച്ചു.

കുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കമന്റ്‌ ആയിരുന്നു അത്. താന്‍ നടി ശോഭനയുടെ കൂട്ടിരിക്കുന്നെന്നോ??...കുമാരിക്ക് സന്തോഷം സഹിക്കാന്‍ പറ്റിയില്ല.

ആ കമെന്റ് സത്യം ആണെന്ന് വിചാരിച്ച കുമാരി പിന്നീട് ശോഭനയുടെ കടുത്ത ആരാധക ആയി മാറി. അന്ന് വൈകിട്ട് വീട്ടില്‍ പോയ പോക്കില്‍ കുമാരി ജൻഗ്ഷനിലെ പൈലിയുടെ കടയില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ കാസറ്റ് എടുത്തു വീട്ടില്‍ വന്നു ഒറ്റ ഇരുപ്പിന് മൂന്ന് പ്രാവശ്യം കണ്ടു കളഞ്ഞു.
അതും പോരാഞ്ഞിട്ട് ഫാന്‍സി ഡ്രെസിന് മേടിച്ച ഭരതനാട്യം ഡ്രെസ്സും ഇട്ടോണ്ട് ശോഭനയെ പോലെ തുളളാനും തുടങ്ങി.

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛന്‍ കുമാരിയുടെ അവസ്ഥ കണ്ടു ഞെട്ടി പോയി.
നൃൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്റെ, ചിത്തഭ്രമത്തിന്റെ, സങ്കീര്‍ണമായ മേഖലകളിലൂടെ സഞ്ചരിച്ചു വല്ലാത്ത ഒരു കൂതറ അലവലാതി സ്വഭാവവുമായി നില്‍ക്കുകയായിരുന്നു കുമാരി അന്നവിടെ.

'ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടു കണ്ടു കുമാരിയുടെ മനസ്സില്‍ അടുത്ത ആഗ്രഹവും മുളച്ചു. 'ഭരതനാട്യം പഠിക്കണം'..ആഗ്രഹം കേട്ട കുമാരിയുടെ അച്ഛന്റെ ഉള്ളൊന്നു കാളി. ഷാജിക്ക് ചവിട്ടു കിട്ടിയതിന്റെ നഷ്ടപരിഹാരമായി കൊടുത്ത പൈസ ഉണ്ടെങ്കില്‍ മോളുടെ രണ്ടു വര്‍ഷത്തെ സ്കൂള്‍ ഫീസ്‌ അടയ്കാമായിരുന്നു . ഇനി ഇപ്പൊ ഭരതനാട്യത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌ ഉണ്ടെന്നു കേട്ട് ടീച്ചറിന്റെ ബെല്‍റ്റ്‌ നോക്കിയെങ്ങാനും ഇവള്‍ തൊഴിച്ചാല്‍...

എന്തായാലും ഒറ്റ മോളുടെ ആഗ്രഹത്തിന് ആ അച്ഛന്‍ എതിര്‍ നിന്നില്ല. അങ്ങനെ കുമാരിയുടെ ശോഭന ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ ഡാന്‍സ് പഠിത്തം കൊണ്ട് കുമാരി ഏകദേശം നന്നായി ഡാന്‍സ് പഠിച്ചു.

പിന്നീട് വളര്‍ന്നപ്പോള്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌ തുടങ്ങിയവയില്‍ അക്കൗണ്ട്‌ തുടങ്ങിയ കുമാരി ശോഭനയുടെ വിവിധ പോസില്‍ ഉള്ള ഫോട്ടോസ് മാത്രം ഡിസ്പ്ലേ പിക് ആക്കി ബാക്കിയുള്ളവരെ കുറേകാലം വെറുപ്പിച്ചു പോന്നു. ഒടുവില്‍ ശോഭന ഫീല്‍ഡില്‍ നിന്ന് ഔട്ട്‌ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപെട്ട വ്യക്തിയും കുമാരി ആയിരുന്നു. അത് ശോഭനയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നില്ല. ഇനി shobhana actress എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ശോഭനയുടെ പുതിയ പിക്സ് ഫേസ്ബുക്കില്‍ ഇടാന്‍ കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിട്ടായിരുന്നു. അവസാനം ഗതി കേട്ട് കുമാരി ബാക്കി നടിമാരുടെ പടം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.

അന്ന് ആ സ്കൂളിലെ സീനിയര്‍ ഉദ്ദേശിച്ചത് സിനിമ നടി ശോഭനയെ അല്ല. മറിച്ചു മട്ടാഞ്ചേരിയിലെ യുവാക്കളുടെ രോമാഞ്ചമായ 'പച്ചക്കിളി ശോഭന'യെയായിരുന്നു എന്ന സത്യം പാവം കുമാരി ഒരിക്കലും അറിഞ്ഞില്ല!!!


പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ട്രന്സിനു നല്ല റാങ്ക് മേടിച്ച കുമാരിക്ക് അവസാനം CETyil അഡ്മിഷന്‍ കിട്ടി. CET യില്‍ കയറി ഒരു മാസം കഴിഞ്ഞപ്പോള്‍ കുമാരിക്ക് Applied Electronics and Instrumentation ഇലോട്ടു ഹയര്‍ ഓപ്ഷൻ കിട്ടി.


ഹയര്‍ ഓപ്ഷൻ കിട്ടുന്നതിനു മുന്‍പുള്ള ഞായറാഴ്ച .


ജോനാസ് രാവിലെ 6 മണിക്ക് തന്നെ പള്ളിയില്‍ എത്തി. സാധാരണ മണ്ണന്തലയില്‍ നിന്നുള്ള ജൂലി വരുന്ന എട്ടു മണിക്കുള്ള കുറുബാനയ്ക്ക് മാത്രം കണ്ടിരുന്ന ജോനസിനെ ആദ്യമായി ആറു മണിക്ക് പള്ളിയില്‍ കണ്ടു ഞെട്ടിയ അച്ചനും കപ്യാരും പരസ്പരം നോക്കി. ഇനി ജൂലി ആറ് മണിക്ക് വന്നു തുടങ്ങിയോ??

കുറുബാന ഒക്കെ കഴിഞ്ഞ ശേഷം ജോനാസ് തനിക്കു കുമ്പസരിക്കണം എന്ന് പറഞ്ഞു അച്ഛനെ കൂട്ടിലോട്ടു വിളിച്ചു. നാളെ മെക്കില്‍ നിന്ന് അപ്ളൈടിലോട്ട് ഹയര്‍ ഓപ്ഷനു മുന്‍പ് താന്‍ മനസ്സില്‍ ആലോചിച്ചു കൂട്ടിയ പാപങ്ങള്‍ ഒക്കെ കുമ്പസരിച്ചു കളയാം എന്ന് വിചാരിച്ചായിരുന്നു ജോനാസ് രാവിലെ തന്നെ പള്ളിയില്‍ എത്തിയത്. കൂടെ കോറല്‍ പാടാന്‍ വരുന്ന സൂസിയെ ഒന്ന് നല്ലവണ്ണം കാണുകയും ചെയ്യാം. ഒരു വെടിക്ക് രണ്ടു പക്ഷി!!

ജോനസിന്റെ കുമ്പസാരം അര മണിക്കൂര്‍ നീണ്ടു നിന്നു. ജോനസിന്റെ മനസ്സിലെ ആ ആഴ്ചത്തെ പാപങ്ങള്‍ കേട്ട് കഴിഞ്ഞ ഫാദര്‍ ഏലിയാസ് പുല്ലംകോടിനെ അവസാനം കുമ്പസാരം കഴിഞ്ഞു നാട്ടുകാര്‍ താങ്ങി എടുത്തു കൊണ്ട് പോകുവായിരുന്നു!
പാപങ്ങള്‍ ഏറ്റു പറഞ്ഞ ശേഷം ജോനാസ് ഈ ആഴ്ചയിലെ പാപങ്ങ ചെയ്യാനായി തയ്യാറായി ഇരുന്നു..അടുത്ത ദിവസത്തെ ഹയര്‍ ഓപ്ഷൻ കാത്ത്.അങ്ങനെ പലരുടെയും ജീവിതം കുട്ടിച്ചോറാക്കിയ ഹയര്‍ ഓപ്ഷൻ ദിവസം വന്നെത്തി.


കുമാരി തനിക്കു പിറന്നാള്‍ സമ്മാനം ആയികിട്ടിയ വെള്ളയില്‍ കറുത്ത പൂക്കളുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് applied ക്ലാസ്സില്‍ കയറി.
കയറിയപാടെ കുമാരി ക്ലാസ്സ്‌ മൊത്തം ഒന്ന് കണ്ണോടിച്ചു.
ലാസ്റ്റ് ബഞ്ചിലെ ഒരുത്തന്‍ തന്നെയും നോക്കി കണ്ണുതുറിച്ചു ഇരിക്കുന്നു. അവന്റെ ഒരു ഫ്രഞ്ച് ബിയെര്‍ട്‌ .കണ്ടാല്‍ ഒരു മുട്ടനാടിന്റെ കൂട്ടുണ്ട്. അവന്റെ അടുത്തിരിക്കുന്ന പയ്യനെ കാണാന്‍ ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ടല്ലോ...
തേര്‍ഡ് ബെഞ്ചിലെ ആ നീര്‍ക്കോലി എന്തിനാ കാറ്റത്ത്‌ പറന്നു പോകാന്‍ പോകുന്നത് പോലെ ഡസ്കില്‍ പിടിച്ചു ഇരിക്കുന്നെ?

കുമാരിയുടെ കണ്ണ് ക്ലാസ്സിലെ സെക്കന്റ്‌ ബെഞ്ചില്‍ ഇരുന്ന ആ പയ്യന്റെ കണ്ണുകളില്‍ ഉടക്കി. "കൊള്ളാല്ലോ..കണ്ടാല്‍ അമീര്‍ ഖാന്റെ കൂട്ടുണ്ട്"..രണ്ടു സെക്കന്റ്‌ അവന്റെ മുഖത്ത് നോക്കിയ ശേഷം കുമാരി ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു. തുളസിയെ പരിചയപെട്ടതിനു ശേഷം കുമാരി അപ്പുറത്തിരുന്ന ശ്രീക്കുട്ടിയോടു ചോദിച്ചു .
"ആ സെക്കന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ആ വെളുത്ത ചെറുക്കന്റെ പേരെന്താ? അവനെ എവിടെയോ കണ്ട പോലെ".
"സുമേഷ്...സുമേഷ് ചിറയ്ക്കല്‍". ശ്രീക്കുട്ടി മറുപടി പറഞ്ഞു.

തന്റെ അമീര്‍ ഖാന്‍ തന്നെ തന്നെ നോക്കി ഇരിക്കുന്നു എന്ന് മനസ്സിലാക്കിയ കുമാരിയുടെ ദേഹം കുളിര് കോരി. കുറച്ചു മുന്‍പ്പ് ഇളംകാറ്റില്‍ അലസമായി പാറിനടന്ന തന്റെ മുടി ഒന്നുകൂടി ഒതുക്കി വെച്ച് നല്ല കുട്ടിയെ പോലെ കുമാരി ക്ലാസ്സില്‍ ഇരുന്നു. "സുമേഷ് ചിറയ്ക്കല്‍ ". ആ പേര് കുമാരിയുടെ കാതില്‍ മുഴങ്ങി കേള്‍ക്കുകയായിരുന്നു.

പവിത്രന്‍ ഈ സമയം ബെഞ്ചിന്റെ അടിയില്‍ നിന്ന് എണീറ്റു. താന്‍ ഇടയ്ക്കിടയ്ക്ക് പെന്‍സില്‍ താഴെ വീഴുന്നെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു പവിത്രന്റെ ധാരണ.
കോഴിക്കോട് പഠിച്ചു വളര്‍ന്ന പവിത്രന്‍, തുളസിയെ ഒന്ന് ട്രൈ ചെയ്യാന്‍ വേണ്ടി ആകകൂടെ ഒന്ന് യോയോ(yoyo ) ആകാന്‍ തീരുമാനിച്ചിരുന്നു. ടിഷര്‍ട്ട്‌ ഒന്നും ഉപയോഗിച്ച് ശീലമില്ലാത്ത പവിത്രന്‍ ഇതിനകം തന്നെ താന്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകള്‍ ഒക്കെ കളഞ്ഞു കുറെ ടിഷര്‍ട്ടുകള്‍ ഒക്കെ മേടിച്ചിരുന്നു. അത് മാത്രമല്ല പവിതന്‍ എന്ന പേര് പഴഞ്ചന്‍ ആയി എന്ന് മനസ്സിലാക്കി പവോ എന്ന പേര് സ്വീകരിക്കുകയും താന്‍ മോഡേണ്‍ ആണ് എന്ന് കാണിക്കാന്‍ തുളസി കേള്‍ക്കെ ഇടയ്ക്കിടയ്ക്ക് കാണാതെ പഠിച്ച കുറെ കട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു പോന്നിരുന്നു.


ഷുക്കൂരിനെ കണ്ട ഹാങ്ങ്‌ഓവറില്‍ നിന്ന് മാറിയ ഹരിശങ്കര്‍ എല്ലാവരെയും വാച്ച് ചെയ്യുവായിരുന്നു. "ഛെ..എന്റെ ടൈപ്പ് ആരുമില്ലല്ലോ". ഹരിശങ്കര്‍ അടുത്തിരുന്ന അജീന്ദ്രന്റെ അടുത്ത് പറഞ്ഞു.
"നിന്റെ ടൈപ്പോ? അതെന്തു ടൈപ്പ്?" അജീന്ദ്രന്‍ ചോദിച്ചു.
"അതൊക്കെ ഉണ്ട്" അത് തുറന്നു പറയാന്‍ ഹരിഷങ്കറിനു മടിയുണ്ടായിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹരിശങ്കര്‍ വെട്ടുകിളിയെ പോലെ ഓടി നടന്നു കോളേജിലെ പല പല സീനിയര്‍ 'ചേച്ചി'മാരോട് പ്രണയാഭ്യര്‍ത്ഥനകൾ നടത്തിയപ്പോള്‍ അവന്റെ ടൈപ്പ് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.


ലഞ്ച് ടൈം.


കാന്റീനില്‍ ഇരുന്നു ഊണ് കഴിക്കുന്നതിനിടയില്‍ ആരും പരസ്പരം അന്ന് ഒന്നും സംസാരിച്ചില്ല.
സാധാരണ പലതരം ബ്രാന്‍ഡ്‌ മദ്യത്തിനെയും കഞ്ചാവിനെയും പെണ്‍പിള്ളേരെയും പറ്റി വാ തോരാതെ സംസാരിച്ചു ബോര്‍ അടിപ്പിച്ചു കൊണ്ടിരുന്ന വിജയന്‍ ഇന്ന് സൈലന്റ് ആയി ഇരുന്നു കഴിക്കുന്നത്‌ കണ്ട ജോനസിനു അത്ഭുതം ആയി. ഇനി ഇവന്‍ നന്നായോ?

തന്റെ പ്രണയം ഇവനെ അറിയിച്ചാലോ. തൊട്ടി ആണെങ്കിലും ആളൊരു പാവം ആണ്.

"വിജയാ.."
"ഉം "
"നമ്മുടെ ക്ലാസ്സില്‍ പുതുതായി വന്ന ആ കുട്ടി ഇല്ലേ.. കുമാരി? ".
"കുമാരിക്ക്? "..വിജയന്‍ പെട്ടന്ന് തീറ്റ നിര്‍ത്തി ജോനസിന്റെ മുഖത്ത് നോക്കി.
"അല്ലാ..കുമാരിക്ക് ഒന്നുമില്ല..എനിക്ക് അവളോട്‌ ഒരു ഇത്"
"ഏത്? "...വിജയന് ജോനസിനെ ഒന്ന് തല്ലണം എന്ന് തോന്നി. ഇവന് വേറെ ആരെയും നോക്കാന്‍ കിട്ടിയില്ല അല്ലെ.
"ഒരു ഇതില്ലേ...അത്".
"അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാ മതി. അങ്ങനെ നീ അവളെ നോക്കണ്ട. അതിനു ഇവിടെ ഞാന്‍ ഉണ്ട്...കേട്ടോടാ..."..വിജയന്‍റെ സ്വരം ഉയര്‍ന്നു.
"വിജയാ.....നീയും? "..
"അങ്ങനെ വിജയന്‍റെ ഗോള്‍ പോസ്റ്റില്‍ കയറി ആരും ഗോള്‍ അടിച്ചു പഠിക്കണ്ട."..വിജയന്‍ വികാരാധീനനായി.
വിജയനോട് എന്ത് പറയണം എന്ന് ജോനസിനു അറിയില്ലായിരുന്നു.

വിജയനും ജോനസും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍ പെട്ട നാരായണനും തരുണും ഇടപെട്ടു. പ്രശ്നം ചോദിച്ചു മനസ്സിലാക്കിയ തരുണ്‍ അവസാനം ഒരു പരിഹാരവും കണ്ടുപിടിച്ചു.
"നിങ്ങള്‍ പരസ്പരം അടികൂടിയിട്ടു ഒരു കാര്യവുമില്ല. ഒരു കാര്യം ചെയ്യ്. അവള്‍ക്കു നിങ്ങളില്‍ ആരെയാണ് ഇഷ്ടപെടുന്നതെന്ന് നോക്കാം. മറ്റേ ആള്‍ ഒഴിഞ്ഞു പോയാല്‍ മതിയല്ലോ. "..കുറച്ചു നേരം ആലോചിച്ച ശേഷം തരുണ്‍ പറഞ്ഞു.
ഐഡിയ കൊള്ളാം എന്ന് ജോനസിനും വിജയനും തോന്നി.
"പക്ഷെ...നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്ക്കാന്‍ പാടില്ല." ജോനാസ് ഒരു ഉപാധി വെച്ചു. തേപ്പന്‍ ആയ വിജയന്‍ തന്നെ ഇതിനിടയില്‍ തേയ്ക്കും എന്ന് ജോനസിനു ഉറപ്പായിരുന്നു.
"അങ്ങനെ കണ്ടീഷന്‍ ഒന്നും വെയ്ക്കാന്‍ പറ്റത്തില്ല". വിജയന്‍ പറഞ്ഞു.
"അപ്പൊ ഏറ്റു. ജെന്റ്ല് മാന്‍സ് ഡീല്‍ " തരുണ്‍ പറഞ്ഞിട്ട് വിജയന്റെയും ജോനസിന്റെയും കൈകള്‍ ചേര്‍ത്ത് വെപ്പിച്ചു.
വിജയനും ജോനസും ഒരു ചിരി പാസ്‌ആക്കി കാണിച്ചു പരസ്പരം നോക്കി പല്ലിറുമ്മി.

ഈ ബഹളമൊന്നും ശ്രദ്ധിക്കാതെ കോളേജ് കാന്റീനില്‍ 12 രൂപയ്ക്ക് കിട്ടിയ വെജ്ബിരിയാണി തിന്നു തീര്‍ത്തു പാത്രം നക്കി വൃത്തിയാക്കുന്ന ഷണ്ണനെ നാരായണന്‍ പുച്ഛത്തോടെ നോക്കി. "ഇവനെയൊക്കെ...."

'ഇനി സമയം വൈകാന്‍ പാടില്ല.' തരുണ്‍ മനസ്സില്‍ പറഞ്ഞു. 'ഇല്ലെങ്കില്‍ ഈ അലവലാതികള്‍ എന്റെ പ്ലാന്‍ നശിപ്പിക്കും.'

ഈ സമയത്ത് കാന്റീനില്‍ കുറച്ചു സീനിയേഴ്സ് ചേര്‍ന്ന് ഉലകനെയും മോസ്കിയെയും റാഗ് ചെയ്യുവായിരുന്നു.
"മലയാളത്തില്‍ നിനക്കേറ്റവും ഇഷ്ടപെട്ട നടന്‍ ഏതാടാ? മോഹന്‍ലാലോ അതോ മമ്മൂട്ടിയോ?"..ചോദ്യം ഉലകന്റെ അടുത്തായിരുന്നു.
"രണ്ടുമല്ല...പ്രിത്വിരാജ്." ഉലകന്‍ പറഞ്ഞു.
കോളേജില്‍ വന്നപ്പോള്‍ ഉലകന്‍ ഒരു കറ തീര്‍ന്ന പ്രിത്വിരാജ് ഫാന്‍ ആയിരുന്നു. ഒടുവില്‍ താന്‍ ഈ കാര്യം പുറത്തു പറഞ്ഞാല്‍ മാനം പോകും എന്ന് മനസ്സിലാക്കിയ ഉലകന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു പിന്നീട് ഒരു ലാലേട്ടന്‍ ഫാന്‍ ആയി. അത് മാത്രമല്ല, താന്‍ ഒരു എക്സ് പ്രിത്വി ഫാന്‍ ആണെന്ന കാര്യം ആരും അറിയാതിരിക്കാന്‍ പിന്നീട് 'ഐ ഹേറ്റ് രായപ്പന്‍' കമ്മ്യൂണിറ്റി ഒക്കെ ഉണ്ടാക്കുകയും ഫേസ്ബുക്കില്‍ വരുന്ന ആന്റി പ്രിത്വി മെസ്സേജുകള്‍ ഒക്കെ സ്ഥിരമായി ലൈക്‌ ചെയ്യുകയും ചെയ്തു പോന്നു. കൂറ് മാറി ലാലേട്ടന്‍ ഫാന്‍ ആയതാണെങ്കിലും ഉലകന്‍ പിന്നീട് സ്ഥിരമായി എല്ലാ ലാലേട്ടന്‍ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കണ്ടിരുന്നു.

പൂച്ചി അന്ന് വളരെ സന്തോഷത്തിലായിരുന്നു. സാധാരണ പൂച്ചി വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ലഞ്ച് ആയിരുന്നു കഴിച്ചിരുന്നത്. അന്ന് പൂച്ചി ഒരു സ്വപ്നലോകത്തിലായിരുന്നു. പാത്രത്തിലെ ചോറില്‍ അവന്‍ ത്രിഷ എന്ന് വിരല്‍ കൊണ്ട് ആഴത്തില്‍ എഴുതി. എന്നിട്ട് ആ വിടവില്‍ തോരന്‍ കുത്തി നിറച്ചു. കുറച്ചു നേരം പൂച്ചി അത് തന്നെ നോക്കിയിരുന്നു. അതില്‍ ത്രിഷയുടെ മുഖം തെളിഞ്ഞു വരുന്നതായി പൂച്ചിക്ക് തോന്നി.

നിഖില്‍ ഗണപതി സ്ഥിരം ഉള്ള റൈഡ് നടത്താന്‍ വരുന്നത് കണ്ടു പൂച്ചി പെട്ടന്ന് തന്നെ ത്രിഷയുടെ പേര് എഴുതിയ ചോറ് കൂട്ടി കുഴച്ചു.
"ഹും...കാന്റീനില്‍ പോയി അവിടെ ഉള്ള എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ടു തിന്നിട്ടു വരുന്ന വരവാണ്. ക്ലാസ്സിലുള്ളവരുടെ പാത്രത്തില്‍ കൈ ഇടാന്‍...
ഇവന് ഇത്തിരി ആരോഗ്യം കൂടി പോയി. ഇല്ലായിരുന്നെങ്കില്‍..." പൂച്ചി മനസ്സില്‍ പറഞ്ഞു.

നിഖില്‍ പൂച്ചിയുടെ അടുത്ത് വന്നു പാത്രത്തില്‍ നോക്കി. തോരനും മീന്‍ പൊരിച്ചതും. നിഖില്‍ ആക്രാന്തത്തോടെ പൂച്ചിയെ നോക്കി.

ഒരു പുഴുത്ത പട്ടിക്കു ആഹാരം കൊടുക്കുന്ന അറപ്പോടെ പൂച്ചി തന്റെ പാത്രം നിഖിലിന്റെ നേര്‍ക്ക്‌ നിരക്കി വച്ചു..."എനിക്ക് വേണ്ട...നീയെടുത്തോ".

നിഖില്‍ സന്തോഷത്തോടെ പൂച്ചിയുടെ പാത്രം എടുത്തു ചോറ് കുഴച്ചു തീറ്റ തുടങ്ങി.

താന്‍ ത്രിഷയുടെ പേരെഴുതിയ ചോറ് നിഖില്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നിയെങ്കിലും പൂച്ചി പെട്ടന്ന് തന്നെ ഒരു സ്വപ്നത്തില്‍ മുഴുകി.
സ്വപ്നത്തില്‍ രണ്ടാമത്തെ കുട്ടിയെ മാമോദീസ മുക്കുന്ന സീന്‍ വരെ ആയപ്പോള്‍ നിഖില്‍ പാത്രം തിരികെ വെച്ച ശബ്ദം കേട്ട് പൂച്ചി ആ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു.

നിഖില്‍ ഗണപതി. ആറടി രണ്ടിഞ്ചു പൊക്കം. രൂപം കൊണ്ട് മാടിനെ പോലെയും സ്വഭാവം കൊണ്ട് മാടപ്രാവിനെയും പോലെ ആയതിനാല്‍ അവന്‍ മാടന്‍ എന്ന പേരില്‍ അറിയപെട്ടു.
(മാടന്റെ അധികം കഥകള്‍ ഈ എപിസോടില്‍ പറയുന്നില്ല. മാടന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അറിയാന്‍ കാത്തിരുന്നു വായിക്കുക...പണിപ്പുരയിലുള്ള ബ്ലോക്ക്ബസ്‌റ്റര്‍ എപിസോട്:മാടന്‍കൊല്ലി).തരുണ്‍ താന്‍ കണ്ടുപിടിച്ച ഇരയെ സമീപിച്ചു.

"യോഗേഷേ...അല്ല..ഞാന്‍ ആലോചിക്കുവായിരുന്നു..."
"ഉം..എന്ത്?"
"പുതുതായി വന്ന ഈ വിജയന് ആ കുമാരിയെ കാണുമ്പോള്‍ ഒരു ഇളക്കം."
"അതിനു നമ്മള്‍ക്കെന്താ....അവന്‍ ഇളകുകയോ ചാടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.."

യോഗെഷിനു ക്ലാസ്സിലുള്ള പെണ്‍പിള്ളേര്‍ സഹോദരിമാരെ പോലെ ആയിരുന്നു. പാലക്കാട്ടില്‍ നിന്ന് വന്ന യോഗേഷിന്റെ അടുത്ത് അഗ്രഹാരത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് അച്ഛനും അമ്മയും പറഞ്ഞു വിട്ടതും അത് തന്നെ ആയിരുന്നു. "കൂടെ പഠിക്കുന്ന പെണ്‍പിള്ളേരെ നിന്റെ സഹോദരിമാരെ പോലെയേ കാണാവൂ. ..അല്ലാതെ വേറെ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ ഈ പടി ഇനി കടക്കണം എന്നില്ല."

"അതെല്ലടാ...അവന്‍ ആളു ഒരു പാവമല്ലേ..നമ്മള്‍ക്ക് അവനെ ഒന്ന് സഹായിച്ചാലോ".
"ഹും. ശെരിയാ..അവന്‍ ആള് ഒരു പാവമാ..ഒരു കാര്യം ചെയ്യ്. നമ്മള്‍ക്ക് അവനെ വിളിച്ചു സംസാരിക്കാം..നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാം"
"ഹേയ്..അത് വേണ്ട....നമ്മള്‍ സഹായിക്കുന്നതായി തോന്നിയാല്‍ അവന്‍ നിന്ന് തരത്തില്ല...നമ്മള്‍ക്ക് അവന്‍ അറിയാതെ എന്തെങ്കിലും ഹെല്‍പ് ചെയ്തു കൊടുക്കാം"
"ഹും..അതും ശരിയാ...അവന്‍ വന്‍ അഭിമാനി ആണെന്നാ കേട്ടെ....ആരുടെ കൈയില്‍ നിന്നും ഒരു പെഗ് പോലും ഓസില്ലത്രേ...സ്വന്തം കാശിനു മാത്രമേ കുടിക്കുകയുള്ളന്നാ ഞാന്‍ കേട്ടത്!!"
"അതെ..നമ്മള്‍ അവന്‍ അറിയാതെ സഹായിച്ചിട്ടേ കാര്യമുള്ളൂ". തരുണ്‍ പറഞ്ഞു.
"ശരി...നീ പറ..നമ്മള്‍ക്ക് എങ്ങനെ അവനു ഇത് ഒന്ന് സെറ്റ് ചെയ്തു കൊടുക്കാം?" യോഗേഷ് ചോദിച്ചു.
"അതൊക്കെ എന്റെ മനസ്സിലുണ്ട്....ഞാന്‍ സമയം വരുമ്പോള്‍ പറയാം...നീ എന്റെ കൂടെ നിന്നാല്‍ മതി".
"ഞാന്‍ എന്തിനും ഉണ്ട്...നമ്മുടെ വിജയന് വേണ്ടി അല്ലേ". യോഗേഷ് പറഞ്ഞു.

തരുണ്‍ തിരിച്ചു നടന്നു. ഇവന്‍ ഒരു മണ്ടന്‍ തന്നെ...ഇത്രെ പെട്ടന്ന് വീഴും എന്ന് പ്രതീക്ഷിച്ചില്ല. ബാച്ചിലെഴ്സ് ആയ വിജയനെയും ജോനസിനെയും കൊണ്ട് തന്റെ കല്യാണത്തിന് സദ്യ വിളമ്പിക്കുന്ന സീന്‍ ഓര്‍ത്തു തരുണിനു ചിരി അടക്കാന്‍ ആയില്ല.

ആ വെള്ളിയാഴ്ച വര്‍ക്ക്‌ഷോപ്പ് ചെയ്യാനായി ക്ലാസ്സ്‌ മൊത്തം ഒരുങ്ങി.

തുടരും

കുമാരിയുടെ കണ്ണുകള്‍ ഉടക്കിയ സുമേഷിന്റെ ജീവിതം നായ നക്കുമോ??
ഒരേ ആളെ നോക്കിയ വിജയനും ജോനസും ഷണ്ണനും സുമേഷും പിനീട് പെണ്ണ് കേസില്‍ തല്ലിപിരിയുമോ??
പ്രണയ ചാണക്യനായ തരുണിന്റെ മനസ്സിലുള്ള കുടിലമായ തന്ത്രത്തില്‍ പാവം യോഗേഷ് ഇരയാകുമോ?
ഇതറിയാന്‍ കാത്തിരുന്നു വായിക്കുക.....


അടുത്ത എപിസോട്:

കാലാകാലങ്ങളോളം CET യിലെ ഒരു പണിയും ഇല്ലാത്തവര്‍ ഒരു ഫുള്ളിന്റെ പുറത്തു പാടിനടന്ന ഒരു വര്‍ക്ക്‌ഷോപ്പ് പ്രണയഗാഥ.
ഒരു പ്രേമം കേരള സര്‍ക്കാരിന്റെ അരകിലോ ഹാക്ക്സൊ ബ്ലേഡ് നഷ്ടപെടുത്തിയ ആരും കേള്‍ക്കാത്ത കഥ. (courtsey : വികിലീക്സ്)
ചാല മാര്‍ക്കറ്റില്‍ കയറിയിറങ്ങി അന്വേഷിച്ചിട്ടും കിട്ടാത്ത കാലിബര്‍(caliber ) കിട്ടുമോ എന്ന് അന്വേഷിച്ചു വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പവിത്രന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

പൈങ്കിളി വര്‍ക്ക്‌ഷോപ്

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഇടുന്ന ഡിസ്ക്ലൈമര്‍: കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയില്‍ ഉള്ളവരുമായിട്ടോ യാതൊരു ബന്ധവും ഇല്ല. അഥവാ വല്ല ബന്ധവും തോന്നുവാണെങ്കില്‍ അത് വെറും യാദൃശ്ചിക൦ മാത്രം.