Wednesday, 18 April 2012

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ...

One beautiful song... Awesome lyrics... Brilliant Rendition by Unni Menon.
For those who love this song,
For those who have heard this song long back but had forgotten,
For those who are listening to this for the first time...

http://www.youtube.com/watch?v=lhZiR20hYP8&feature=related

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..
എങ്കിലും എങ്ങനെ നീ അറിഞ്ഞു,
എന്‍റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്‌, സുഗന്ധം പരത്തുന്നതായ് നിനക്കായ്‌..
പറയൂ നീ പറയൂ... പറയൂ നീ പറയൂ...
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല,
നിറ നീല രാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു..
എന്‍ നിനവെന്നും നിന്‍ നിനവ് അറിയുന്നതായ്, നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍...

തനിയെ തെളിഞ്ഞ രാഗമാം, ശ്രീരാഗം ഒരു മാത്ര നീ ഒത്തു ഞാന്‍ മൂളിയില്ല,
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദു മേനി ഒന്ന് തലോടിയില്ല,
എങ്കിലും നീ അറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനം അറിയുന്നതായി, നിന്നെ പുണരുന്നതായ്...

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..
എങ്കിലും എങ്ങനെ നീ അറിഞ്ഞു,
എന്‍റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്‌, സുഗന്ധം പരത്തുന്നതായ് നിനക്കായ്‌..
പറയൂ നീ പറയൂ... പറയൂ നീ പറയൂ...
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല..

Sunday, 4 December 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 6: പൈങ്കിളി വര്‍ക്ക്‌ഷോപ്പ്

അങ്ങനെ അവന്‍ കാത്തിരുന്ന വര്‍ക്ക്ഷോപ്പ് ദിവസം ആഗതമായി.

മനസ്സില്‍ പല പദ്ധതികളും ആയിട്ടായിരുന്നു ജോനാസ് ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങിയത്.. "എല്ലാം ഞാന്‍ പ്ലാന്‍ ചെയ്ത പോലെ നടക്കുകയാണെങ്കില്‍...!!" സന്തോഷം കൊണ്ടവന് തുള്ളിച്ചാടാന്‍ തോന്നി..
" വേഗം ക്ലാസ്സില്‍ എത്തണം. ബാക്കി അലവലാതികള്‍ എത്തും മുന്‍പ് തന്നെ പോയി നല്ല ഒരു സീറ്റ്‌ പിടിക്കണം. വിജയന്‍ തേയ്ക്കില്ല എന്ന് വിശ്വസിക്കാന്‍ പറ്റുകയില്ല. ജന്മസിദ്ധമായ വാസനകള്‍ മനുഷ്യന് അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോ."

പതിവിലും നേരത്തെ എണീറ്റ ജോനാസ് പതിവില്ലാതെ രാവിലെ ഒരു കുളിയും പാസ്‌ ആക്കി. ഫുള്‍ കൈ കുപ്പായവും ധരിച്ചു അതൊന്നു tuck ഇന്‍ ഉം ചെയ്തു. കോലം കെട്ടിയിറങ്ങുന്ന ജോനസിനെ കണ്ടപ്പോള്‍ തന്നെ ജോനസിന്റെ അമ്മയ്ക്ക് എന്തോ പന്തികേട്‌ തോന്നി.

5 മിനിറ്റ് നടന്നാല്‍ എത്തുന്ന കോളേജില്‍ kinetic honda യില്‍ പോകണം എന്ന ആഗ്രഹാപ്രകടനതിന്റെ രണ്ടാം നാള്‍ ആ വണ്ടി മീന്‍കാരന്‍ മോയ്തുവിനു രണ്ടായിരം രൂപയ്ക്കു വിറ്റു. മോന്റെ കോളേജ് കുമാരന്‍ ആയതിലുള്ള ഇളക്കം ഒന്ന് കണ്ട്രോള്‍ ചെയ്യേണ്ടി ഇരിക്കുന്നു..
സ്കൂളില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവന്‍ ആ പഴയ കൂട്ടുകെട്ടില്‍ നിന്നും രക്ഷപെട്ടു എന്ന് കരുതിയതാണ് ... പക്ഷെ ആ പപ്പുവും, രാഹുല്‍ സി ശിനോയും, അബിയും, ഷണ്ണനു൦, ബജിമോനും, കരുപ്പഹരനും ഒക്കെ അടങ്ങുന്ന മെയിന്‍ അലവലാതി ഗ്രൂപ്പ്‌ ഇതേ കോളേജില്‍ തന്നെ അഡ്മിഷന്‍ മേടിച്ചിട്ടുണ്ട്.
ലയോളയില്‍ വേറെ നല്ല പിള്ളേര്‍ ഇല്ലാഞ്ഞിട്ടല്ല, അവര്‍ വഷളനായ ജോനസിന്റെ അടുത്ത് കൂട്ട് കൂടാന്‍ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് അവന്‍ ഈ അലവലാതി കൂട്ടുകെട്ട് തുടങ്ങിയതെന്നുള്ള സത്യം ജോനസിന്റെ പാവം വീട്ടുകാര്‍ക്ക് അറിയത്തില്ലായിരുന്നു!!

ജോനാസ് വെളിയിലിറങ്ങി അവന്റെ സൈക്കിള്‍ തപ്പി.. കാണാനില്ല.. ഇവിടെ തന്നെയാണല്ലോ ഇന്നലെ വെച്ചത്..
"അമ്മേ..
എന്‍റെ സൈക്കിള്‍ എന്തിയെ?".
" കാക്ക കൊണ്ടുപോയി കാണും."
ഫിസിക്സ്‌ കിടിലം എന്നു സ്വയം സംഭോദന ചെയ്തിരുന്ന ജോനസിനു ആ explanation തീരെ സുഖിച്ചില്ല.. കാക്കയുടെ power to weight ratio അതിനനുവദിക്കില്ല എന്നവന്‍ മനസ്സില്‍ കണക്കു കൂട്ടി.
"കാക്ക എങ്ങനാ അമ്മേ ഇത്രെയും വലിയ സൈക്കിള്‍ എടുത്തോണ്ട് പോകുന്നത്?"
"എടാ മണ്ടാ.. ഇവിടെ പഴയ പത്രമൊക്കെ മേടിക്കാന്‍ വരുന്ന കാക്കയേയാ ഞാന്‍ ഉദ്ദേശിച്ചത്"
"കാക്കക്കെന്തിനാ എന്‍റെ സൈക്കിള്‍"
"മകന് വേണ്ടി ആയിരിക്കും. കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്നാണല്ലോ "
ജോനസിനു അതിനു ഒരുത്തരവും കിട്ടിയില്ല.. അങ്ങനെ ബീമപള്ളിയില്‍ നിന്നും മേടിച്ച 500 രൂപയുടെ " ഐ പോട്" ചെവിയില്‍ തിരുകി കോളേജിലേക്ക് നടപ്പ് തുടങ്ങി..

ബീമപള്ളി ഐപോടും കാതില്‍ ഇട്ടൊണ്ടു ക്ലാസ്സില്‍ കയറി വന്ന ജോനസ്‌ കണ്ടത്‌ കുളിച്ചു ഒരുങ്ങി ചന്ദനകുറി ഒക്കെ ഇട്ട്‌ ഇരിക്കുന്ന വിജയനെ ആണ്. കണ്ടപ്പോള്‍ തന്നെ ജോനസിനു വിജയന്റെ കളിയുടെ ഏകദേശ രൂപം പിടികിട്ടി. ഓഹോ..ജാതിസ്പിരിറ്റ്‌ വെച്ചുള്ള കളി ആണ്!!

ഹും…സാരമില്ല… കുമാരിയെ വളയ്ക്കാന്‍ ഹിന്ദു ആകണം എന്നൊന്നും ഇല്ല…കാര്യങ്ങള്‍ താന്‍ മനസ്സില്‍ കണക്കു കൂട്ടിയത് പോലെ പോകുവാണെങ്കില്‍ 4 വര്‍ഷം കഴിഞ്ഞു പഠിച്ചിറങ്ങുമ്പോള്‍ കുമാരി തന്റെ കൂടെ ഞായറാഴ്ച പള്ളിയില്‍ കുറുബാനയ്ക്ക് കാണും..

അവളെ മതം മാറ്റുമ്പോള്‍ എന്തു പേരിടണം? തന്റെ പണ്ടത്തെ കുറ്റി ആയ സൂസന്‍ എന്നിട്ടാലോ….ഇല്ലെങ്കില്‍ വേണ്ട…അവളെ പോലെ തന്നെ അവളുടെ പേരിനും ഒരു അവലക്ഷണം ആണ്…ജോനസ്‌ ചിന്തയിലാണ്ടു.

"ഓ..വന്നല്ലോ അഴകിയ രാവണന്‍"…ജോനസിനെ കണ്ടപാടേ വിജയന്‍ പറഞ്ഞു.

“ഓഹോ ഇവന്‍ തന്നെ തേയ്ക്കാനുള്ള പുറപ്പാടിലാണ്‌” ജോനസ്‌ മനസ്സില്‍ പറഞ്ഞു.

“ഞാന്‍ വരുകയോ പോവുകയോ ചെയ്യും..അതിനു കണ്ട അണ്ടനും അടകോടനും എന്തു വേണം?”. ജോനസിനു വിട്ടു കൊടുക്കാന്‍ ഭാവം ഇല്ലായിരുന്നു.

“എനിക്കൊന്നും വേണ്ടായേ…അവസാനം മണ്ണും ചാരി നിന്ന അടകോടന്‍ പെണ്ണും കൊണ്ട്‌ പോയി എന്നൊന്നും പറഞ്ഞു പിന്നെ കരഞ്ഞേക്കരുത്”.

“ ഉവ്വ….പെന്‍പിള്ളേരുടെ മുഖത്ത്‌ നോക്കി പേരെന്തുവാ എന്നു ചോദിക്കാന്‍ ഉള്ള ധൈര്യം ഇല്ലാതവന്മാരാ പെണ്ണിനെ കൊണ്ട്‌ പോകുന്നേ…മണ്ണു ചാരി നിന്ന് ചിതല്‍ പിടിക്കത്തെ ഉള്ളൂ..” ജോനസ്‌ പിറു പിറുത്തു

“ങ്ങേ..എന്താ..” വിജയന്‍.

“ഓ..ഒന്നുമില്ല..” ജോനസ്

“അല്ല..നീ എന്തോ പറഞ്ഞു..”

“പറഞ്ഞെങ്കില്‍ കണക്കായി പോയി…ആദ്യം പറയുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കണം..ചെവി കേള്‍കാതെ കുറേ പേര്‍ ഇറങ്ങി കൊള്ളും..എന്‍ജിനീരിംഗ് പഠിക്കാന്‍”

ഇതു കേട്ട വിജയന്റെ കണ്ട്രോള്‍ പോയി. ഇവന്‍ എങ്ങനെ അറിഞ്ഞു എനിക്ക്‌ ചെവിക്കു പ്രശ്നമുണ്ടെന്നു!!..ചെവി പൊട്ടന്‍ എന്ന പേരു വരാതിരിക്കാന്‍ താന്‍ ഇതു ആരോടും പറഞ്ഞിട്ടില്ലല്ലോ!!

“ധൈര്യമുണ്ടെങ്കില്‍ ഒന്നു കൂടി പറയെടാ..” വിജയന്‍ ചൂടായി..അവന്‍ ജോനസിന്റെ കോളറില്‍ കേറി പിടിച്ചു നിലത്ത് നിന്ന് അര അടി ഉയര്‍ത്തി..

ജോനസ്‌ പെട്ടന്നുള്ള ഈ ആക്രമത്തില്‍ ഒന്നും ചെയ്യാനാവാതെ ശ്വാസം മുട്ടി പിടഞ്ഞു.

ഇതു കണ്ട ഹരിശങ്കര്‍ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക്‌ ഓടി.

ക്ലാസ്സില്‍ കുമാരി കേറി വരുന്നത്‌ കണ്ടു വിജയന്‍ പെട്ടന്നു തന്നെ ജോനസിന്റെ കോളറില്‍ ഉള്ള പിടി വിട്ടു. എന്നിട്ടു കുമാരി കേള്‍ക്കെ ഉറക്കെ പറഞ്ഞു..

“കോളറില്‍ മൊത്തം അഴുക്കാല്ലോ ജോനസേ..വേറെ ഷര്‍ട്ട് വേണമെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ…ഞാന്‍ എത്രെ പേര്‍ക്ക്‌ ഡ്രെസ് ഒക്കെ കൊടുത്തിരിക്കുന്നു…ഞാന്‍ എല്ലാ ശനിയും ഞായറും അനാഥാലയങ്ങളില്‍ പോയി കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കുന്നത്‌ നിനക്കു അറിയാവുന്നതല്ലേ..” കുമാരിയുടെ മുന്നില്‍ ആളാവാന്‍ വിജയന്‍ ഉറക്കെ പറഞ്ഞു.

എന്താണു സംഭവിച്ചെന്ന് മനസിലാവാതെ അന്തിച്ച ജോനസ്‌ തിരിഞ്ഞു നോക്കി. സീറ്റില്‍ വന്നിരിക്കുന്ന കുമാരിയെ ജോനസ്‌ കണ്ടു..

“ഓഹോ…അപ്പോ ഇവളെ കേള്‍പ്പിക്കാനായിരുന്നല്ലേ ഇവന്റെ ഈ നാടകം”..

“ഹിഹി…കണ്ടോടാ…ഇങ്ങനെയാണ് അമ്പിള്ളേര്‍ കളിക്കുന്നേ…ഓര്‍ത്തു വെച്ചോ..നമുടെ സ്കോര്: 1-0”

ജോനസ്‌ ഒന്നും പറയാതെ വിജയനെ നോക്കി പല്ലിറുമ്മി.

“നിങ്ങള്‍ ഇതു എന്തു പരിപാടിയാ കാണിക്കുന്നേ”..ഹരി രണ്ടു പേരോടുമായി ചോദിച്ചു.”ഏതോ ഒരുത്തിക്ക് വേണ്ടി തമ്മില്‍ തല്ലി ചാകാനാനോ ഒരുക്കം?”

“അങ്ങനെ അവള്‍ ഏതോ ഒരുത്തി ഒന്നുമല്ല..” ജോനസ്‌ വികാരാധീനനായി.

"ഹും..അവരുടെ ഒരു പ്രേമം...". ഹരി മനസ്സില്‍ പറഞ്ഞു. 'പ്രണയത്തെ കുറിച്ച് പറയുമ്പോള്‍...' ഹരിയുടെ ചിന്ത വീണ്ടും അന്ന് രാവിലെ ബസില്‍ വെച്ച് കണ്ട ആ 'ചേച്ചി'യെ പറ്റിയായി.
"ഛെ..അവരുടെ പേര് അറിയാന്‍ പറ്റിയില്ലല്ലോ".

ക്ലാസ്സില്‍ മാത്സ് ടീച്ചര്‍ വന്നത് കണ്ട എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.

ലഞ്ച് ടൈം.

വര്‍ക്ക്ഷോപ്പില്‍ റഫ് റെക്കോര്‍ഡ്‌ വേണം എന്നറിഞ്ഞ എല്ലാവരും ഒരു നോട്ട് എങ്ങനെയെങ്കിലും ഒപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു.

നോട്ടില്‍ പേരൊക്കെ എഴുതികഴിഞ്ഞ ശേഷം പൊതിയാനായി ഒരു ബ്രൌണ്‍പേപ്പര്‍ അന്വേഷിച്ചു തൃഷ ചുറ്റും നോക്കി. അതാ നീരജ് അവിടെ ബുക്ക്‌ പൊതിയുന്നു. അവന്റെ ഡെസ്കില്‍ വേറെ ഒരു ബ്രൌണ്‍പേപ്പറും ഉണ്ട്. ഒന്ന് ചോദിച്ചു കളയാം. ഇതിലും എത്രെ വലിയ സാധനങ്ങള്‍ താന്‍ പണ്ട് ചിരിച്ചു മയക്കി ഇത്തരം വായിനോക്കി പയ്യന്മാരുടെ കൈയില്‍ നിന്ന് ഒപ്പിച്ചിരിക്കുന്നു.. തൃഷ ആലോചിച്ചു.

തൃഷ നീരജ് alias പൂച്ചിയെ സമീപിച്ചു. എന്നിട്ട് ചോദിച്ചു.
"നീരജ്.."
"ങ്ങേ.." പൂച്ചി തൃഷയെ അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്.തിരിഞ്ഞപ്പോള്‍‍ കാണുന്നത് തന്റെ സ്വപ്നത്തിലെ സുന്ദരിയെ. എല്ലാം സ്ലോ മോഷന്‍ ആയി. ത്രിഷയുടെ ചുറ്റും ഒരു ദിവ്യപ്രഭാവം ഉള്ളതായും അവനു തോന്നി.

"ബ്രൌണ്‍ പേപ്പര്‍ ഉണ്ടോ? "
സ്ലോ മോഷനില്‍ കേട്ടത് കൊണ്ട് പൂച്ചിക്ക് കൃത്യമായി എന്താണ് അവള്‍ ചോദിച്ചതെന്ന് മനസ്സിലായില്ല. 'ബ്രൌണ്‍ ഷുഗര്‍' എന്നാണു പൂച്ചിയുടെ മനസ്സില്‍ പതിഞ്ഞത്. പൂച്ചിക്ക് സന്തോഷമായി. തന്നെ പോലെ തന്നെ കഞ്ചാവും മയക്കു മരുന്നും അടിക്കുന്ന ഒരു പെങ്കൊച്ചു തന്നെ വേണം എന്നത് പൂച്ചിയുടെ ആഗ്രഹമായിരുന്നു. കുടുംബസമേതം കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്നത് പൂച്ചി സ്വപ്നം കണ്ടു.

എന്നിട്ട് വൈകിട്ട് അടിക്കാനുള്ള തന്റെ ഡോസ് തൃഷയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. പാന്റ്സ് പോക്കറ്റില്‍ ഉള്ള തന്റെ ബ്രൌണ്‍ഷുഗര്‍ പാക്കറ്റിനായി പൂച്ചി പോക്കറ്റില്‍ കൈ ഇട്ടു പരതി.
ഇത് കണ്ടു തൃഷയ്ക്ക് എന്തോ പന്തികേട്‌ തോന്നി. "അല്ല. ബ്രൌണ്‍ പേപ്പര്‍ ചോദിച്ചതിനു ഇവന്‍ എന്തിനാ പോക്കറ്റില്‍ കൈ ഇടുന്നത്? ".

"അല്ല. നീരജ്..പേപ്പര്‍..ബ്രൌണ്‍ പേപ്പര്‍.. ഈ ബുക്ക്‌ ഒക്കെ പൊതിയുന്ന"..പൂച്ചിയുടെ അരികില്‍ കിടന്ന എക്സ്ട്രാ ബ്രൌണ്‍ പേപ്പര്‍ ചൂണ്ടികാട്ടി തൃഷ പറഞ്ഞു.

"ഛെ..ഇതായിരുന്നോ.." പൂച്ചി നിരാശനായി. പൂച്ചി തന്റെ നിരാശ മറച്ചു വെച്ച് ആ പേപ്പര്‍ തൃഷയ്ക്ക് കൊടുത്തു. എന്നിട്ട് കിട്ടിയ താങ്ക്സിനു ഒരു വെല്‍ക്കം തിരിച്ചു പറഞ്ഞു.

ഉച്ച തിരിഞ്ഞു 2 മണി…ക്ലാസ് മൊത്തം വര്‍ക്‌ഷോപ്പിലായിരുന്നു.


കഴിഞ്ഞ രണ്ടു ദിവസം ആയി പ്ലാന്‍ ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കാനായി ജോനസും വിജയനും 5 മിനിട്സ് മുന്‍പ്‌ തന്നെ വര്‍ക്‌ഷോപ്പില്‍ എത്തി സ്ഥാനം പിടിച്ചു.

പൂച്ചി തൃഷയുടെ വര്‍ക്ക്ഷോപ്പ് ബാച്ചില്‍ തന്നെ എങ്ങനെയും കേറി പറ്റണം എന്ന് തീരുമാനിച്ചു. പക്ഷെ തന്റെ പേര് വെച്ച് താന്‍ അവസാനത്തെ ബാച്ചില്‍ ആയിരിക്കും എന്ന് മനസ്സിലാക്കിയ പൂച്ചി വര്‍ക്ക്ഷോപ്പ് സാറിന്റെ അടുത്ത് പേര് മാറ്റി പറയാന്‍ തീരുമാനിച്ചു.

അറ്റന്‍ഡന്‍സ് എടുക്കുന്ന സമയം ആയി. പൂച്ചിയുടെ ശ്രദ്ധ തൃഷയില്‍ തന്നെ ആയിരുന്നു.പൊടുന്നനെ സര്‍ ചോദിച്ചു.
"അല്ല..ഇയാള്‍ ഈ ബാച്ച് ആണോ? എന്നിട്ട് പേര് പറഞ്ഞു കേട്ടില്ലല്ലോ?"...തന്റെ കൈയിലുള്ള ബാച്ച്ലിസ്റ്റ് മറിച്ചു നോക്കികൊണ്ട്‌ സര്‍ ചോദിച്ചു.

പൂച്ചി ഒന്ന് പരുങ്ങി. T വെച്ച് തുടങ്ങുന്ന ഏതെങ്കിലും പേര് തന്നെ വേണം എങ്കിലല്ലേ ഈ ബാച്ചില്‍ തന്നെ എന്ന് പറയാന്‍ പറ്റൂ.

"ഉം..തന്റെ പേരെന്താ?" സര്‍ വീണ്ടും ചോദിച്ചു.

"ടി...ടി...ടിന്റുമോന്‍." പൂച്ചി വായില്‍ തോന്നിയ ഒരു പേര് പറഞ്ഞു.

എല്ലാവരും പൂച്ചിയെ തിരിഞ്ഞു നോക്കി. "ഇവന്റെ പേര് നീരജ് എന്നല്ലേ" എല്ലാവരും അത്ഭുതപെട്ടു.

"തന്റെ പേര് ഈ ലിസ്റ്റില്‍ ഇല്ലല്ലോ."...സര്‍ ലിസ്റ്റ് മൊത്തം ഒരു വട്ടം കൂടി നോക്കി.

"അല്ല...ടിന്റുമോന്‍ എന്നത് എന്റെ വീട്ടില്‍ വിളിക്കുന്ന പേരാണ്. അത് t വെച്ച് തുടങ്ങുന്നത് കൊണ്ട് ഈ ബാച്ചില്‍ കയറിയെന്നെ ഉള്ളൂ." പൂച്ചി എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചു.

"ഹ ഹ ...അത് കൊള്ളാം...വീട്ടില്‍ വിളിക്കുന്ന ടിന്റുമോനെന്നും വാവയെന്നും മോനുവെന്നുമൊക്കെയുള്ള പേര് വെച്ചാണോ വര്‍ക്ക്ഷോപ്പ് ബാച്ചില്‍ കയറുന്നെ...പോയി തന്റെ ഒറിജിനല്‍ ബാച്ചില്‍ കയറടോ"...സാറിന് ചിരി അടക്കാനായില്ല. സാറിന്റെ ചിരിയില്‍ ആ ബാച്ചിലെ ബാക്കി ഉള്ളവരും പങ്കു ചേര്‍ന്നു.

നിരാശനായ പൂച്ചി തിരിച്ചു തന്റെ ബാച്ചിന് അടുത്തേക്ക് നടന്നു. പൂച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വേറെ ആര് ചിരിച്ചതിലും തനിക്കു സങ്കടമില്ല. പക്ഷെ തൃഷ ആര്‍ത്തു ചിരിക്കുന്നത് ഇപ്പോഴും കേള്‍ക്കാം. പൂച്ചി സങ്കടത്തോടെ ആലോചിച്ചു.
(പിന്നീട് തൃഷയുടെ ഈ ചിരി വളരെ പ്രസിദ്ധമായി. തൃഷ ചിരിക്കുന്നത് പട്ടി മോങ്ങുന്നത് പോലെയാണെന്നും അല്ല കുതിര കരയുന്നത് പോലെയാണെന്നും മറ്റു ചിലര്‍ വണ്ടി ബ്രെക്കിടുന്നത് പോലെയാണെന്നും പറഞ്ഞു ക്ലാസ്സില്‍ ഒരു തര്‍ക്കം തന്നെ ഒരിക്കല്‍ ഉണ്ടായി!!)

ജോനസ്‌,വിജയന്‍,സുമേഷ്,തരുണ്‍,
നാരായണന്‍,പൂച്ചി,കുമാരന്‍,ഷണ്ണന്‍ എന്നിവര്‍ ഒരേ ബാച്ച് ആയിരുന്നു. അവര്‍ക്ക് ആദ്യമായി കിട്ടിയത്‌ ഫിറ്റിംഗ് ആയിരുന്നു.

വര്‍ക്ക്‌ഷോപ്പ് സാറിന്റെ ആദ്യത്തെ അരമണിക്കൂര്‍ പ്രസംഗം കഴിഞ്ഞു ടീം ഫിറ്റിംഗ് ചെയ്യാന്‍ ഒരുങ്ങി.
ഹിരണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ സുമെഷിന്റെയും ജോനസിന്റെയും വിജയന്റേയും കണ്ണുകള്‍ കുമാരിയില്‍ തന്നെ ആയിരുന്നു. തരം കിട്ടുമ്പോള്‍ സ്കോര്‍ ചെയ്യണം..ഇതായിരുന്നു മൂവരുടെയും പ്ലാന്‍.

ഫിറ്റിംഗ് തുടങ്ങി.

ജോനസിന്റെ ഒരു കണ്ണ് കുമാരിയിലും മറ്റെ കണ്ണ് മെറ്റല്‍ പീസിലും ആയിരുന്നു. എന്നാല്‍ ജോനസിനെ പോലെ വര്‍ക്ക്ഷോപ്പ് ചെയ്തു പഠിക്കാന്‍ വിജയന് ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നു. അവന്റെ രണ്ടു കണ്ണുകളും പീസില്‍ തന്നെ ആയിരുന്നു - കുമാരി എന്ന പീസില്‍.

തന്റെ കണ്ണ് കുമാരിയില്‍ വെയ്ക്കണോ അതോ തന്റെ മെറ്റല്‍ പീസില്‍ വെയ്ക്കണോ എന്ന് തീരുമാനിക്കാനാവാതെ സുമേഷ് ധര്‍മസങ്കടത്തില്‍ ആയി. അങ്ങനെ അവന്‍ സ്വന്തം കണ്ണുകള്‍ time division multiplex ചെയ്യാന്‍ തീരുമാനിച്ചു. ആ multiplexing ഒന്നും പഠിച്ചിട്ടില്ലാത്ത അവന്റെ hacksaw blade പല തവണ ഒടിഞ്ഞു കയ്യില്‍ വന്നു. അങ്ങനെ ഏകദേശം ഒരു അര കിലോ ഹാക്ക്സോ ബ്ലേഡ് അന്ന് സുമേഷ് വേസ്റ്റ് ആക്കുകയുണ്ടായി.

ഇടയ്ക്കിടയ്ക്ക് ജോനാസ് പത്തടി അപ്പുറത്ത് ഷെള്‍ഫില്‍ വെച്ചിരിക്കുന്ന തന്റെ ബാഗില്‍ നോക്കുന്നുണ്ടായിരുന്നു. അതിലുള്ള സാധനം വെച്ചാണ്‌ താന്‍ സ്കോര്‍ ചെയ്യാന്‍ പോകുന്നത്‌. ഇന്നു രാവിലെ വിജയന്‍ തേച്ചതിന് പകരം ഇതെങ്കിലും ചെയ്തേ പറ്റൂ..ജോനാസ് തന്റെ പ്ലാന്‍സ് എങ്ങനെ കുറച്ചു കൂടി നന്നാക്കാം എന്ന ആലോചനയിലാണ്ടു.

വിജയന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കുമാരിയെ വളയ്ക്കാനുള്ള ടെക്നീക്സ് തന്റെ കൈയിലുണ്ട്‌. തന്റെ വെള്ളമടി കമ്പനിയായ ചേട്ടന്മാര്‍ ഇന്നലെ വെള്ളമടി സെഷനില്‍ തന്ന ടിപ്സ് മാത്രം മതി ഇതൊക്കെ ചെയ്യാന്‍.

“ ഹോ..മുട്ടന്‍ ടെക്നീക്സ് തന്നെ. പക്ഷേ ഇതൊക്കെ കൈയിലുണ്ടായിരുന്നിട്ടും അവന്മാര്‍ മൂഞ്ചി തിരിച്ചു ഇങ്ങനെ കമ്മിറ്റട്‌ ആള്‍ക്കാരെ കുറ്റം പറഞ്ഞു നടക്കുന്നതെന്തിനാ?” വിജയന് മനസ്സിലായില്ല .
ആ..ഇതൊക്കെ ഞാന്‍ ആലോചിക്കുന്നതെന്തിനാ….”

ആ ചേട്ടന്മാര്‍ പറഞ്ഞു തന്നെ ടെക്നീക്സ് ഫലിക്കും എന്നു വിജയനു നല്ല വിശ്വാസമുണ്ടായിരുന്നു. ഒരു അവസരം കിട്ടിയാല്‍ മാത്രം മതി.

സൂമേഷിന്റെ ശ്രദ്ധ ആദ്യം കുമാരിയില്‍ ആയിരുന്നെങ്കിലും പിന്നീട് അതു പതുക്കെ ഫിറ്റിങ്ങില്‍ ആയി. കാരണം അപ്പുറത്ത് ഷണ്ണന്‍ നിന്ന് തകര്‍ത്തു ഫിറ്റിംഗ് ചെയ്യുന്നത് കണ്ടിട്ട് സുമേഷിനു സഹിച്ചില്ല. അവന്റെ ശ്രദ്ധ തെറ്റിയ സമയത്താണു അതു സംഭവീച്ചത്‌.

ഫിറ്റിംഗ് ചെയ്തു ക്ഷീണിച്ച കുമാരി വെള്ളം കുടിക്കാന്‍ വേണ്ടി മെറ്റല്‍ ഫയലിംഗ് നിര്‍ത്തി. കുമാരിയുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്ന ജോനസിനു ഇതു തന്നെ അവസരം എന്നു മനസ്സിലായി. ജോനാസ് പിന്നീട് ഒരു നിമിഷം പോലും കളഞ്ഞില്ല. കട്ടിങ്ങിനുള്ള ഹക്ക്സൊ ബ്ലേഡ് താഴെ ഇട്ടിട്ട്‌ ജോനാസ് ഷെല്‍ഫിന്ടെ അടുത്തേക്ക്‌ ഓടി. എന്നിട്ടു ബാഗ്‌ തുറന്നു താന്‍ കൊണ്ട്‌ വന്ന കുപ്പി കൈയില്‍ എടുത്തു. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ടു തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട്‌ വരാന്‍ തോന്നിയ തന്റെ ബുദ്ധിയില്‍ ജോനാസ് അഭിമാനം കൊണ്ടു

കുപ്പിയുമായി ജോനാസ് കുമാരിയുടെ അരികിലേക്ക് ഓടി. ഫിറ്റിംഗ് ടേബിളില്‍ നിന്ന് തിരിഞ്ഞു നടക്കാനൊരുങ്ങിയ കുമാരിയുടെ അടുത്തേക്ക്‌ കുപ്പി നീട്ടിക്കൊണ്ട് ജോനാസ് പറഞ്ഞു

“ദാ…കുമാരി..വെള്ളം …”

കുമാരി ഒന്നു അമ്പരന്നു. ഇതു ഇന്നലെ തേർഡ് ബെഞ്ചില്‍ ഇരുന്ന ആ പയ്യനല്ലേ. ഇവന്‍ എന്താ പെട്ടന്നു വെള്ളം ഒക്കെ കൊണ്ട്‌ തരുന്നേ.

എന്തായാലും കുമാരി ആ വെള്ളം മേടിച്ചു കുടിച്ചു. എന്നിട്ട് കുപ്പി ജോനസിനു തിരിച്ചു കൊടുത്തു. എന്നിട്ടു ചിരിച്ചു കൊണ്ട്‌ പറഞ്ഞു ..”താങ്ക്സ്”

ജോനസിനു ലോകം തിരിയുന്നതായി തോന്നി. കുമാരി തന്റെ അടുത്തു ആദ്യമായി സംസാരിക്കുന്നു.

ജോനാസ് ഷെല്‍ഫിന്ടെ അടുത്തേക്ക്‌ ഓടുന്നത്‌ കണ്ട വിജയന്‍ അമ്പരന്നു നില്‍ക്കുവായിരുന്നു. “ഇവന്‍ ഇതു എന്താണു കാണിക്കുന്നത്‌”. പിന്നീട് ജോനാസ് കുപ്പിയുമായി കുമാരിയുടെ അടുതെത്താറായപ്പോഴാണ് വിജയനു ജോനസിന്റെ പദ്ധതികള്‍ പിടി കിട്ടിയത്‌. “ഛെ..ഇതു മുന്‍കൂട്ടി കാണാനായില്ലല്ലോ”..വിജയന്‍ നിരാശപെട്ടു.

“ഇനി എന്തായാലും ജോനസിനു അധികം സമയം കൊടുക്കാന്‍ പാടില്ല…അതിനു മുന്‍പ്‌ അവരുടെ അടുത്ത് എത്തണം”.ഇതു ആലോചിച്ചു കൊണ്ട്‌ വിജയന്‍ അവരുടെ അടുത്തേക്ക്‌ നീങ്ങി.

ജോനാസ് കുമാരിയുടെ അടുത്തു സ്വയം പരിചയപെടുത്തുകയായിരുന്നു.
“ഞാന്‍ ജോനാസ്…”
“ജോനാസ് എം”
“ജോനാസ് എം വര്‍ഗീസ്.”

ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ ജോനാസ് പറഞ്ഞു. താന്‍ മനസ്സില്‍ കണക്കു കൂട്ടിയത് പോലെ തന്നെ എല്ലാം നടന്നതില്‍ ജോനാസ് വളരെ സന്തോഷവാനായിരുന്നു.

ഇതിനിടയില്‍ ഇവരുടെ അടുത്തെത്തിയ വിജയന്‍ കുമാരിയെ നോക്കി ചിരിച്ചു. എന്നിട്ടു ജോനസിന്റെ അടുത്തു പറഞ്ഞു. “ദാ..നിന്നെ ആ ഷണ്ണന്‍ വിളിക്കുന്നു….എന്തോ സഹായം വേണമെന്നു”.

“ഓ..ഞാന്‍ പൊയികൊള്ളാം”…ജോനാസ് വിജയനോടുള്ള തന്റെ അരോചകത മറച്ചു വെച്ചില്ല.

“ഹലോ കുമാരി”…വിജയന്‍ കുമാരിയോടു പറഞ്ഞു. കുമാരിയുടെ ഹലോ തിരിച്ചു കേട്ട വിജയന്‍ സ്വയം പരിചയപെടുത്താന്‍ തുടങ്ങി. ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ പേരു പറഞ്ഞ ജോനസിന്റെ ഒരു പടി മുന്‍പില്‍ നില്‍ക്കണം എന്നു വിജയനു നിര്‍ബന്ധമായിരുന്നു

“ഞാന്‍ വിജയന്‍…”
“വിജയ ശങ്കരന്‍…”
“വിജയ ശങ്കരന്‍ രാമന്‍കുട്ടി”
“വിജയ ശങ്കരന്‍ രാമന്‍കുട്ടി തങ്കപ്പന്‍” വിജയന്‍ അപ്പൂപ്പന്റെ അച്ഛന്റെ പേരും കൂടി ചേര്‍ത്തു ഗമയോടെ പറഞ്ഞു.

“ഇവിടെ പലര്‍ക്കും അപ്പൂപ്പന്റെ പേരു വരെയേ അറിയൂ…കുടുംബത്തില്‍ പിറന്നവര്‍ അങ്ങനെയല്ല…6 തലമുറയിലുള്ളവരുടെ പേരു വരെ ഓര്‍ത്തിരിക്കും..” വിജയന്‍ ജോനസിനെ നോക്കി ഒരു ആക്കിച്ചിരി ചിരിച്ചു കുമാരിയുടെ അടുത്തു പറഞ്ഞു.

ആ ഡയലോഗ് അധികം ഇഷ്ടപെട്ടില്ലെങ്കിലും കുമാരി വിജയനെ നോക്കി ഒരു കൃത്രിമ ചിരി പാസ്സ് ആക്കി.

എന്നിട്ടു കുമാരി രണ്ടു പേരോടുമായി പറഞ്ഞു. “എനിക്ക്‌ വയ്യ.. എത്രെ ഫയല്‍ ചെയ്തിട്ടും ഇതു ശരി ആകുന്നില്ല…”

അതു കഴിഞ്ഞു സംഭവീച്ചത്‌ കുമാരി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു. കുമാരിയുടെ ഈ പരാതി കേട്ട പാതി കേള്‍ക്കാത്ത പാതി വിജയനും ജോനസും അവിടെ നിന്നും മത്സരിച്ചോടി ഓരോരോ മെറ്റല്‍ പീസ് എടുത്തു. എന്നിട്ടു ഫയലിംഗും തുടങ്ങി.

ഇനി തന്റെ കമ്പനി ചേട്ടന്മാര്‍ പറഞ്ഞ ടെക്നീക് ഉപയോഗിച്ച്‌ കളയാം….വിജയന്‍ തീരുമാനിച്ചു…

ശരപഞ്ചരം സിനിമയില്‍ കുതിരെയെ തടവുന്ന ജയനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വിജയന്‍ തന്‍റെ ശ്രമം ആരംഭിച്ചു. കുമാരിയുടെ തൊട്ടു മുന്നിലുള്ള വര്‍ക്ക്‌ ബെഞ്ചില്‍ പുറം തിരിഞ്ഞു നിന്ന് പണി തുടങ്ങി. എത്രയും പെട്ടന്ന് ഒരു പെര്‍ഫെക്റ്റ്‌ ഫിറ്റിംഗ് പീസ് ഉണ്ടാക്കി കുമാരിയെ ഇമ്പ്രെസ്സ് ചെയിക്കണം. കുമാരിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ചില മുക്കല്‍ മൂളല്‍ ശബ്ദങ്ങളും വിജയന്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട ജോനസ് ഒന്നും ചെയ്യാനാവാതെ ഞെരിപിരി കൊണ്ടു.

http://www.youtube.com/watch?v=cZblHraTWiw

ചത്തു കിടന്നു ഫയലിംഗ് നടത്തുന്നതിനിടയില്‍ രണ്ടു പേരും എതിരാളിയുടെ മെറ്റല്‍ പീസ് ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

ടെക്നീക് ഫലിക്കാത്തതില്‍ വിജയന്‍ നിരാശനായിരുന്നു. ശരപഞ്ചരം നമ്പര്‍ ഇറക്കിയാല്‍ സിനിമയില്‍ ഷീലയുടെ റെസ്പോൺസ് ആണ് കുമാരിയില്‍ നിന്ന് പ്രതീക്ഷിച്ചത്….പക്ഷേ കുമാരി ഒരു ഭാവഭേവുമില്ലാതെ നില്‍ക്കുവായിരുന്നല്ലോ

എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ അത്ഭുതപെട്ട കുമാരി രണ്ടു പേരുടേയും സമീപതെത്തി

കുമാരിയെ കണ്ട ജോനാസ് പറഞ്ഞു…” ദാ നോക്കൂ കുമാരി..ഞാന്‍ കുമാരിയുടെ മെറ്റല്‍ പീസ് ആണ് ഫയല്‍ ചെയ്യുന്നത്‌..”

വിജയന്‍ വിട്ടു കൊടുത്തില്ല…”അല്ല കുമാരി..ഞാന്‍ ഫയല്‍ ചെയ്യുന്ന പീസ് ആണ് കുമാരിയുടേത്..”

"അല്ല കുമാരി ഞാന്‍ ഫയല്‍ ചെയ്യുനതാണ് കുമാരിക്കുള്ളത്... "

"നോക്ക് കുമാരി, ഞാന്‍ എത്ര ഭംഗിയായി ഫയല്‍ ചെയ്തിരിക്കുന്നുവെന്ന്... "

ഇതു കണ്ടു കൊണ്ട്‌ നിന്ന തരുണിന്റെ മനസ്സില്‍ പഴയ ഒരു മലയാളം പടത്തില്‍ ശ്രിനിവാസനും മണിയന്‍പിള്ള രാജുവും കൂടി മാഗി എന്ന കഥാപാത്രത്തെ വളയ്ക്കാന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ ആണ് ഓര്‍മ വന്നത്‌.

ഇത്രേം ഇളക്കമുള്ള പയ്യന്മാരെ കുമാരി ആദ്യമായി കാണുകയായിരുന്നു. കുമാരി ഒന്നും പറയാതെ മന്ദഹസിക്കുക മാത്രം ചെയ്തു.

“രക്ഷപെട്ടു….ഇനി കാര്‍പെന്‍ട്രിയും ഫൌന്‍ട്രിയും ഒക്കെ ഇവരെ കൊണ്ട്‌ തന്നെ ചെയ്യിക്കാം..” കുമാരി മനസ്സില്‍ പദ്ധതിയിട്ടു ഒരു കൊലച്ചിരി പാസ് ആക്കി.

അര മണിക്കൂര്‍ നേരത്തെ ഫയലിംഗ് കൊണ്ട്‌ ജോനസും വിജയനും ഫിറ്റിംഗ് കംപ്ലീട് ചെയ്തു..എന്നിട്ടു രണ്ടു പേരും മെറ്റല്‍ പീസുകളുമായി കുമാരിയെ സമീപിച്ചു.

“ദാ..കുമാരി…മെറ്റല്‍ പീസ്…നോക്കൂ എന്തു മനോഹരമായിരിക്കുന്നു”…വിജയന്‍ പറഞ്ഞു.

“അല്ല കുമാരി..ഈ മെറ്റല്‍ പീസ് ആണ് കൂടുതല്‍ നല്ലത്….” ജോനസ് പറഞ്ഞു.

"ഹും..നിന്റെ പീസ് എന്തിനു കൊള്ളാം..ഫയലിംഗ് എന്തെന്നറിയാത്ത കുറെയെണ്ണം ഇറങ്ങിക്കൊള്ളും"...വിജയന്‍ പറഞ്ഞു.

ഇത് ഇഷ്ടപെടാത്ത ജോനാസ് ദേഷ്യത്തോടെ വിജയനെ സമീപിച്ചു. വിജയനുമായി ഏറ്റുമുട്ടിയാല്‍ ബാക്കി കാണില്ല എന്ന് അറിയാമായിരുന്നിട്ടും കുമാരി അടുത്തുണ്ടായിരുന്നത് കൊണ്ട് ജോനസിനു വേറെ ഒരു ആവേശമായിരുന്നു.

രണ്ടു പേരും മെറ്റല്‍ പീസുകളുമായി കുമാരിയുടെ അടുത്തേക്ക്‌ ഓടുന്നത്‌ കണ്ടപ്പോള്‍ തന്നെ ഇതു പ്രതീക്ഷിച്ച തരുണ്‍ ഓടി വന്നു രണ്ടു പേരെയും പിടിച്ചു മാറ്റി.

ണ്ണനുമായി മത്സരിച്ചു ഫിറ്റിംഗ് ചെയ്ത സുമേഷ് അപ്പോഴാണ് കുമാരിയെ പറ്റി ഓര്‍ത്തത്‌. ഈ ബഹളമൊക്കെ കണ്ടപ്പോള്‍ ഇതു തന്നെ അവസരം എന്നു കരുതി സുമേഷ് വന്നു താന്‍ ഇത്രേം നേരം കൊണ്ട്‌ ചെയ്ത മെറ്റല്‍ പീസ് കുമാരിയുടെ നേര്‍ക്ക് നീട്ടി കൊണ്ട്‌ പറഞ്ഞു.

“ദേഖോ…മേനെ തുംഹാരെ ലിയേ ഏക് മെറ്റല്‍ പീസ് ബനായ ഹൈ..തും യൂസ് ലെ സക്തേ ഹോ ”

സുമേഷിന്റെ ഹിന്ദി കേട്ട കുമാരി കോരിത്തരിച്ചു പോയി. ദില്‍ ചാഹ്ത ഹൈയില്‍ അമീര്‍ ഖാന്‍ പ്രീതി സിന്റയെ പ്രപോസ് ചെയ്ത സീന് ആണ് കുമാരിയുടെ മനസ്സില്‍ ഓടി വന്നത്‌.

കുമാരി സന്തോഷത്തോടെ സുമേഷ് തന്ന മെറ്റല്‍ പീസ് സ്വീകരിച്ചു.എന്നിട്ടു ചോദിച്ചു.

"ഇത്രെ പെട്ടന്ന് എങ്ങനെ മെറ്റല്‍ പീസ് കട്ട്‌ ചെയ്തു ?". തന്റെ "കട്ടിങ്ങ്സില്‍" കുമാരി ഇമ്പ്രേസ്സ്ഡ് ആയി എന്ന് മനസിലാക്കിയ സുമേഷ് പുച്ഛത്തോടെ ജോനസിനെയും വിജയനെയും പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു. "ഇതൊക്കെയെന്ത്?" .
എന്നിട്ടു ടെക്നീക് ഡിസ്‌കസ് ചെയ്യാനായി സുമേഷും കുമാരിയും ഹിന്ദിയില്‍ സംസാരിച്ചു കൊണ്ട് സുമേഷിന്റെ വര്‍ക്ക്‌ബെഞ്ചിലേക്ക് പോയി.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട്‌ പോയത്‌ കണ്ട വിജയനും ജോനസിനും ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. അവന്മാരുടെ സ്ഥലകാല ബോധം നഷ്ടപെട്ടു.

“ഛെ..ഇതിനു പോകാതെ ചേട്ടന്മാര്‍ പറഞ്ഞു തന്ന ആ അറ്റകൈ തന്നെ പരീക്ഷിക്കാമായിരുന്നു”…സിനിമകളില്‍ കണ്ടു പരിചിതമാണെങ്കിലും ഗുണ്ടകളെ കൊണ്ട്‌ കുമാരിയെ തട്ടിക്കൊണ്ടു പോയിട്ട് താന്‍ വന്നു സാഹസികമായി രക്ഷിക്കുകയും അങ്ങനെ ലൈന്‍ ആകുകയും ചെയ്യുന്ന ടെക്നീക് ഫലിക്കും എന്നു വിജയനു വിശ്വാസമുണ്ടായിരുന്നു.

ജോനസിന്റെയും വിജയന്റെയും പ്ലാന്‍ 8 നിലയില്‍ പൊട്ടിയത്‌ കണ്ടു സന്തോഷം തോന്നിയെങ്കിലും സുമേഷ് അപ്രതീക്ഷിച്ചതമായി ഗോള്‍ അടിച്ചതില്‍ തരുണ്‍ അസ്വസ്ഥനായിരുന്നു. “അവന്റെ ഒരു കോപ്പിലെ ഹിന്ദി..ഛെ..ഇതു മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ ആ മണ്ടന്‍ ഷണ്ണനെ കൊണ്ട് എന്തെങ്കിലും ചെയ്യിച്ചു ഇത് കൊളമാക്കാമായിരുന്നു..”


സംഭവിച്ച ഈ തിരിച്ചടിയുടെ സങ്കടം തീര്‍ക്കാന്‍ വിജയന്‍ ഒരു വെള്ളമടി സെഷൻ ഓര്‍ഗനൈസ് ചെയ്യാന്‍ തീരുമാനിച്ചു.

എന്തു സംഭവിച്ചു എന്നു അറിയില്ലെങ്കിലും ഓസിനു 2 പെഗ് തടഞ്ഞാലോ എന്നു ആശിച്ചു അന്ന് രാത്രി എല്ലാവരും കോളേജിനടുത്തുള്ള പവോയുടെ വീട്ടില്‍ ഒത്തുകൂടി.

തുടരും


ഹൃദയം തകര്‍ന്ന വിജയന്‍ ഓര്‍ഗനൈസ് ചെയ്ത ആ വെള്ളമടി സെഷനില്‍ സംഭവിച്ചതെന്ത്?

5 പെഗ് കഴിഞ്ഞു പാവോ വെളിപ്പെടുത്തിയ ഞെട്ടിക്കുന്നതും അറപ്പുള്ളതുമായ ആ രഹസ്യം എന്തായിരുന്നു?

മാനഹാനി ഭയന്ന് പ്രിത്വിരാജേട്ടനെ തള്ളി പറഞ്ഞ ഉലകന്‍ കുറ്റബോധം കൊണ്ട്‌ വെള്ളമടിച്ചു മരിക്കുമോ?


ഇതെല്ലാം അറിയാന്‍ കാത്തിരുന്നു വായിക്കുക…സൂപ്പര്‍ ഹിറ്റ് എപിസോഡ്.

മദ്യം സാക്ഷി

Monday, 10 October 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 5 : കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കുമാരി[1988 - ]. എറണാകുളം ജില്ലയിലെ നെല്ലിയാംതോട് എന്ന ഗ്രാമത്തില്‍ ജനനം. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഏകപുത്രി.
നെല്ലിയാംതോടിന്റെ അഭിമാനഭാജകം. ചൈനീസ് ആയോധനകലയായ കരാട്ടയില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌. ഭരതനാട്യത്തില്‍ അഗ്രഗ്രണ്യ. ആരും കണ്ടാല്‍ ഒന്ന് കൂടി നോക്കിപോകുന്ന സൗന്ദര്യം.......ഇങ്ങനെ ഒക്കെ ആയിരുന്നു കുമാരി തന്നെക്കുറിച്ച് ധരിച്ചു വെച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ കുമാരിക്ക് ഹിന്ദി സിനിമയോട് വന്‍ താല്പര്യം ആയിരുന്നു. ഹിന്ദി ഭാഷയോടും. അമീര്‍ ഖാന്‍ ആയിരുന്നു ഇഷ്ട നടന്‍. രണ്ടു വയസ്സുള്ള കുമാരി ഊണ് കഴിക്കുന്നതും പാല് കുടിക്കുന്നതും ടിവിയില്‍ അമീര്‍ഖാന്റെ പടം കണ്ടു കൊണ്ടായിരുന്നു.

അമീര്‍ഖാനെ കാണണം അമീര്‍ഖാനെ കാണണം എന്ന് പറഞ്ഞു കുമാരി എന്നും വീട്ടില്‍ ബഹളം വെയ്ക്കുമായിരുന്നു. 'പട്ടിക്കാട്ടില്‍ അമീര്‍ഖാനെ എവിടെ നിന്നും കാണിക്കും' എന്ന് ആലോചിച്ചു കുഴഞ്ഞ കുമാരിയുടെ അമ്മ അവസാനം അമീര്‍ഖാന്‍ എന്നും പറഞ്ഞു ബീഹാറില്‍ നിന്ന് വന്ന കൂലിപണിക്കാരെ കാണിച്ചു 'ദാ മോളെ അമീര്‍ഖാന്‍' എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സമാധാനിപ്പിച്ചു പോന്നിരുന്നു!!

കുമാരിയുടെ കൂടെ കുമാരിയുടെ ഹിന്ദി വീക്നെസ്സും വളര്‍ന്നു വന്നു. വളര്‍ന്നപ്പോള്‍ കുമാരിയുടെ കൂട്ട് ഡല്‍ഹിയില്‍ നിന്ന് വന്ന അപ്പുറത്തെ വീട്ടിലെ മാലതി ചേച്ചി ആയി. കാരണം ചേച്ചി എപ്പോഴും ഡല്‍ഹി വിശേഷങ്ങള്‍ കുമാരിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. ഡല്‍ഹിയില്‍ പിച്ചക്കാര്‍ പോലും ഹിന്ദി ആണ് സംസാരിക്കുന്നതെന്ന വാര്‍ത്ത കേട്ട് കുമാരി കോരിതരിച്ചിരുന്നു പോയി !!

അങ്ങനെ നെല്ലിയാംതോടിന്റെ പോന്നോമനപുത്രിയായി കുമാരി വളര്‍ന്നു വന്നു. എട്ടാം ക്ലാസ്സില്‍ വെച്ചു കുമാരിക്ക് കരാട്ടെ പഠിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം ഉദിച്ചു. മോളുടെ ഇതൊരു ആഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛന്‍ കുമാരിയെ നെല്ലിയാംതോടിന്റെ ജാക്കിചാന്‍ ആയ മുരുക്കിനാട് ഷാജിയുടെ കരാട്ടെ ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കി. പുള്ളി പണ്ടത്തെ ഒരു ചിലറ ഗുണ്ട ഒക്കെ ആയിരുന്നു. പിന്നീട് നാട്ടില്‍ ഗുണ്ടാ നിയമം വന്നപ്പോള്‍ പിടിച്ചു നില്ല്ക്കാനാവാതെ ഗിയര്‍ ഒന്ന് മാറ്റി പിടിച്ചു ഇപ്പോള്‍ ഒരു കരാട്ടെ സ്കൂള്‍ ഒക്കെ നടത്തി പിള്ളേരെ പഠിപ്പിച്ചു ജീവിക്കുന്നു.
"കരാട്ടെ നന്നായി പഠിച്ചാല്‍ ബ്ലാക്ക്ബെല്‍റ്റ്‌ കിട്ടും, പിന്നെ ഒരുത്തനെയും പേടിക്കണ്ട" എന്ന് മാലതിചേച്ചി പറഞ്ഞത് ഓര്‍ത്തു കരാട്ടെ ക്ലാസില്‍ എല്ലായിടത്തും ബ്ലാക്ക്ബെല്‍റ്റ്‌ തിരഞ്ഞ കുമാരിയുടെ കണ്ണില്‍ ഗുരുവായ ഷാജിയുടെ അരയില്‍ കെട്ടിയിരുന്ന ബ്ലാക്ക്ബെല്‍റ്റ്‌ പതിഞ്ഞു .
"ഇനി മോള്‍ എന്നെ ഒന്ന് അറ്റാക്ക്‌ ചെയ്തെ.. എങ്ങനെ ആണ് ഡിഫെന്റ്റ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചു തരാം" എന്ന ഷാജിയുടെ വാക്ക് കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരി കാലു പൊക്കി ഷാജിയുടെ ബെല്‍റ്റ്‌ ലക്ഷ്യം ആക്കി ഒരു ചവിട്ടു ചവിട്ടി.
പത്തു മിനിറ്റ് കഴിഞ്ഞു കുമാരി കരാട്ടെ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ കൂടെ ആ ബ്ലാക്ക്‌ബെല്‍ട്ടും ഉണ്ടായിരുന്നു. കരാട്ടെയുടെ പരമോന്നത പീഠം കിട്ടി എന്ന് വിചാരിച്ച കുമാരി പിന്നീട് എല്ലാരോടും ഞാന്‍ കരാട്ടെ ബ്ലാക്ക്ബെല്‍റ്റ്‌ ആണ് എന്ന് പറഞ്ഞു പരത്തി. വെറും ഒരു ദിവസം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ്‌ കിട്ടിയ കുമാരിയുടെ വീരസാഹസിക കഥ കേട്ട നെല്ലിയാംതോടിലെ പൂവാലന്മാര്‍ ചുമ്മാ എന്തിനു തടി മിനകെടുത്തനം എന്ന് കരുതി കുമാരിയെ ഒഴിവാക്കി ബാക്കിയുള്ള പെണ്‍കിടാങ്ങളില്‍ concentrate ചെയ്തു പോന്നു.

അന്ന് കുമാരിയുടെ ചവിട്ടു അസ്ഥാനത്ത് മേടിച്ച മുരുക്കിനാട് ഷാജിയുടെ വംശപരമ്പര പിന്നീടു ദത്ത്പുത്രനായ സ്പാനര്‍ ഷിബു വഴിയാണ് നില നിന്നത്!!

രണ്ടു വര്‍ഷം കഴിഞ്ഞു പത്താം ക്ലാസ്സ്‌ പാസ്‌ ആയപ്പോള്‍ കുമാരി ടൌണില്‍ ഉള്ള സ്കൂളില്‍ പോയി ചേര്‍ന്നു. ചേര്‍ന്നു അഞ്ചാം ദിവസം സ്കൂളിലെ ഇടനാഴിയിലൂടെ നടന്ന കുമാരി കുറച്ചു സീനീയേയ്യ്സ്സിനെ പാസ്‌ ചെയ്തു പോകുകയുണ്ടായി. "ഇവള്‍ക്ക് ശോഭനയുടെ അതെ ഫേസ്കട്ട്‌ ആണ്ണല്ലോ" എന്ന ഒരുത്തന്റെ അടക്കിപിടിച്ചുള്ള കമന്റ്‌ കുമാരി കേട്ടു. "ശരിയാണല്ലോ". വേറൊരുത്തന്‍ അത് ശരി വെച്ചു.

കുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കമന്റ്‌ ആയിരുന്നു അത്. താന്‍ നടി ശോഭനയുടെ കൂട്ടിരിക്കുന്നെന്നോ??...കുമാരിക്ക് സന്തോഷം സഹിക്കാന്‍ പറ്റിയില്ല.

ആ കമെന്റ് സത്യം ആണെന്ന് വിചാരിച്ച കുമാരി പിന്നീട് ശോഭനയുടെ കടുത്ത ആരാധക ആയി മാറി. അന്ന് വൈകിട്ട് വീട്ടില്‍ പോയ പോക്കില്‍ കുമാരി ജൻഗ്ഷനിലെ പൈലിയുടെ കടയില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ കാസറ്റ് എടുത്തു വീട്ടില്‍ വന്നു ഒറ്റ ഇരുപ്പിന് മൂന്ന് പ്രാവശ്യം കണ്ടു കളഞ്ഞു.
അതും പോരാഞ്ഞിട്ട് ഫാന്‍സി ഡ്രെസിന് മേടിച്ച ഭരതനാട്യം ഡ്രെസ്സും ഇട്ടോണ്ട് ശോഭനയെ പോലെ തുളളാനും തുടങ്ങി.

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛന്‍ കുമാരിയുടെ അവസ്ഥ കണ്ടു ഞെട്ടി പോയി.
നൃൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്റെ, ചിത്തഭ്രമത്തിന്റെ, സങ്കീര്‍ണമായ മേഖലകളിലൂടെ സഞ്ചരിച്ചു വല്ലാത്ത ഒരു കൂതറ അലവലാതി സ്വഭാവവുമായി നില്‍ക്കുകയായിരുന്നു കുമാരി അന്നവിടെ.

'ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടു കണ്ടു കുമാരിയുടെ മനസ്സില്‍ അടുത്ത ആഗ്രഹവും മുളച്ചു. 'ഭരതനാട്യം പഠിക്കണം'..ആഗ്രഹം കേട്ട കുമാരിയുടെ അച്ഛന്റെ ഉള്ളൊന്നു കാളി. ഷാജിക്ക് ചവിട്ടു കിട്ടിയതിന്റെ നഷ്ടപരിഹാരമായി കൊടുത്ത പൈസ ഉണ്ടെങ്കില്‍ മോളുടെ രണ്ടു വര്‍ഷത്തെ സ്കൂള്‍ ഫീസ്‌ അടയ്കാമായിരുന്നു . ഇനി ഇപ്പൊ ഭരതനാട്യത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌ ഉണ്ടെന്നു കേട്ട് ടീച്ചറിന്റെ ബെല്‍റ്റ്‌ നോക്കിയെങ്ങാനും ഇവള്‍ തൊഴിച്ചാല്‍...

എന്തായാലും ഒറ്റ മോളുടെ ആഗ്രഹത്തിന് ആ അച്ഛന്‍ എതിര്‍ നിന്നില്ല. അങ്ങനെ കുമാരിയുടെ ശോഭന ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ ഡാന്‍സ് പഠിത്തം കൊണ്ട് കുമാരി ഏകദേശം നന്നായി ഡാന്‍സ് പഠിച്ചു.

പിന്നീട് വളര്‍ന്നപ്പോള്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌ തുടങ്ങിയവയില്‍ അക്കൗണ്ട്‌ തുടങ്ങിയ കുമാരി ശോഭനയുടെ വിവിധ പോസില്‍ ഉള്ള ഫോട്ടോസ് മാത്രം ഡിസ്പ്ലേ പിക് ആക്കി ബാക്കിയുള്ളവരെ കുറേകാലം വെറുപ്പിച്ചു പോന്നു. ഒടുവില്‍ ശോഭന ഫീല്‍ഡില്‍ നിന്ന് ഔട്ട്‌ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപെട്ട വ്യക്തിയും കുമാരി ആയിരുന്നു. അത് ശോഭനയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നില്ല. ഇനി shobhana actress എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ശോഭനയുടെ പുതിയ പിക്സ് ഫേസ്ബുക്കില്‍ ഇടാന്‍ കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിട്ടായിരുന്നു. അവസാനം ഗതി കേട്ട് കുമാരി ബാക്കി നടിമാരുടെ പടം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.

അന്ന് ആ സ്കൂളിലെ സീനിയര്‍ ഉദ്ദേശിച്ചത് സിനിമ നടി ശോഭനയെ അല്ല. മറിച്ചു മട്ടാഞ്ചേരിയിലെ യുവാക്കളുടെ രോമാഞ്ചമായ 'പച്ചക്കിളി ശോഭന'യെയായിരുന്നു എന്ന സത്യം പാവം കുമാരി ഒരിക്കലും അറിഞ്ഞില്ല!!!


പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ട്രന്സിനു നല്ല റാങ്ക് മേടിച്ച കുമാരിക്ക് അവസാനം CETyil അഡ്മിഷന്‍ കിട്ടി. CET യില്‍ കയറി ഒരു മാസം കഴിഞ്ഞപ്പോള്‍ കുമാരിക്ക് Applied Electronics and Instrumentation ഇലോട്ടു ഹയര്‍ ഓപ്ഷൻ കിട്ടി.


ഹയര്‍ ഓപ്ഷൻ കിട്ടുന്നതിനു മുന്‍പുള്ള ഞായറാഴ്ച .


ജോനാസ് രാവിലെ 6 മണിക്ക് തന്നെ പള്ളിയില്‍ എത്തി. സാധാരണ മണ്ണന്തലയില്‍ നിന്നുള്ള ജൂലി വരുന്ന എട്ടു മണിക്കുള്ള കുറുബാനയ്ക്ക് മാത്രം കണ്ടിരുന്ന ജോനസിനെ ആദ്യമായി ആറു മണിക്ക് പള്ളിയില്‍ കണ്ടു ഞെട്ടിയ അച്ചനും കപ്യാരും പരസ്പരം നോക്കി. ഇനി ജൂലി ആറ് മണിക്ക് വന്നു തുടങ്ങിയോ??

കുറുബാന ഒക്കെ കഴിഞ്ഞ ശേഷം ജോനാസ് തനിക്കു കുമ്പസരിക്കണം എന്ന് പറഞ്ഞു അച്ഛനെ കൂട്ടിലോട്ടു വിളിച്ചു. നാളെ മെക്കില്‍ നിന്ന് അപ്ളൈടിലോട്ട് ഹയര്‍ ഓപ്ഷനു മുന്‍പ് താന്‍ മനസ്സില്‍ ആലോചിച്ചു കൂട്ടിയ പാപങ്ങള്‍ ഒക്കെ കുമ്പസരിച്ചു കളയാം എന്ന് വിചാരിച്ചായിരുന്നു ജോനാസ് രാവിലെ തന്നെ പള്ളിയില്‍ എത്തിയത്. കൂടെ കോറല്‍ പാടാന്‍ വരുന്ന സൂസിയെ ഒന്ന് നല്ലവണ്ണം കാണുകയും ചെയ്യാം. ഒരു വെടിക്ക് രണ്ടു പക്ഷി!!

ജോനസിന്റെ കുമ്പസാരം അര മണിക്കൂര്‍ നീണ്ടു നിന്നു. ജോനസിന്റെ മനസ്സിലെ ആ ആഴ്ചത്തെ പാപങ്ങള്‍ കേട്ട് കഴിഞ്ഞ ഫാദര്‍ ഏലിയാസ് പുല്ലംകോടിനെ അവസാനം കുമ്പസാരം കഴിഞ്ഞു നാട്ടുകാര്‍ താങ്ങി എടുത്തു കൊണ്ട് പോകുവായിരുന്നു!
പാപങ്ങള്‍ ഏറ്റു പറഞ്ഞ ശേഷം ജോനാസ് ഈ ആഴ്ചയിലെ പാപങ്ങ ചെയ്യാനായി തയ്യാറായി ഇരുന്നു..അടുത്ത ദിവസത്തെ ഹയര്‍ ഓപ്ഷൻ കാത്ത്.



അങ്ങനെ പലരുടെയും ജീവിതം കുട്ടിച്ചോറാക്കിയ ഹയര്‍ ഓപ്ഷൻ ദിവസം വന്നെത്തി.


കുമാരി തനിക്കു പിറന്നാള്‍ സമ്മാനം ആയികിട്ടിയ വെള്ളയില്‍ കറുത്ത പൂക്കളുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് applied ക്ലാസ്സില്‍ കയറി.
കയറിയപാടെ കുമാരി ക്ലാസ്സ്‌ മൊത്തം ഒന്ന് കണ്ണോടിച്ചു.
ലാസ്റ്റ് ബഞ്ചിലെ ഒരുത്തന്‍ തന്നെയും നോക്കി കണ്ണുതുറിച്ചു ഇരിക്കുന്നു. അവന്റെ ഒരു ഫ്രഞ്ച് ബിയെര്‍ട്‌ .കണ്ടാല്‍ ഒരു മുട്ടനാടിന്റെ കൂട്ടുണ്ട്. അവന്റെ അടുത്തിരിക്കുന്ന പയ്യനെ കാണാന്‍ ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ടല്ലോ...
തേര്‍ഡ് ബെഞ്ചിലെ ആ നീര്‍ക്കോലി എന്തിനാ കാറ്റത്ത്‌ പറന്നു പോകാന്‍ പോകുന്നത് പോലെ ഡസ്കില്‍ പിടിച്ചു ഇരിക്കുന്നെ?

കുമാരിയുടെ കണ്ണ് ക്ലാസ്സിലെ സെക്കന്റ്‌ ബെഞ്ചില്‍ ഇരുന്ന ആ പയ്യന്റെ കണ്ണുകളില്‍ ഉടക്കി. "കൊള്ളാല്ലോ..കണ്ടാല്‍ അമീര്‍ ഖാന്റെ കൂട്ടുണ്ട്"..രണ്ടു സെക്കന്റ്‌ അവന്റെ മുഖത്ത് നോക്കിയ ശേഷം കുമാരി ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു. തുളസിയെ പരിചയപെട്ടതിനു ശേഷം കുമാരി അപ്പുറത്തിരുന്ന ശ്രീക്കുട്ടിയോടു ചോദിച്ചു .
"ആ സെക്കന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ആ വെളുത്ത ചെറുക്കന്റെ പേരെന്താ? അവനെ എവിടെയോ കണ്ട പോലെ".
"സുമേഷ്...സുമേഷ് ചിറയ്ക്കല്‍". ശ്രീക്കുട്ടി മറുപടി പറഞ്ഞു.

തന്റെ അമീര്‍ ഖാന്‍ തന്നെ തന്നെ നോക്കി ഇരിക്കുന്നു എന്ന് മനസ്സിലാക്കിയ കുമാരിയുടെ ദേഹം കുളിര് കോരി. കുറച്ചു മുന്‍പ്പ് ഇളംകാറ്റില്‍ അലസമായി പാറിനടന്ന തന്റെ മുടി ഒന്നുകൂടി ഒതുക്കി വെച്ച് നല്ല കുട്ടിയെ പോലെ കുമാരി ക്ലാസ്സില്‍ ഇരുന്നു. "സുമേഷ് ചിറയ്ക്കല്‍ ". ആ പേര് കുമാരിയുടെ കാതില്‍ മുഴങ്ങി കേള്‍ക്കുകയായിരുന്നു.

പവിത്രന്‍ ഈ സമയം ബെഞ്ചിന്റെ അടിയില്‍ നിന്ന് എണീറ്റു. താന്‍ ഇടയ്ക്കിടയ്ക്ക് പെന്‍സില്‍ താഴെ വീഴുന്നെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു പവിത്രന്റെ ധാരണ.
കോഴിക്കോട് പഠിച്ചു വളര്‍ന്ന പവിത്രന്‍, തുളസിയെ ഒന്ന് ട്രൈ ചെയ്യാന്‍ വേണ്ടി ആകകൂടെ ഒന്ന് യോയോ(yoyo ) ആകാന്‍ തീരുമാനിച്ചിരുന്നു. ടിഷര്‍ട്ട്‌ ഒന്നും ഉപയോഗിച്ച് ശീലമില്ലാത്ത പവിത്രന്‍ ഇതിനകം തന്നെ താന്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകള്‍ ഒക്കെ കളഞ്ഞു കുറെ ടിഷര്‍ട്ടുകള്‍ ഒക്കെ മേടിച്ചിരുന്നു. അത് മാത്രമല്ല പവിതന്‍ എന്ന പേര് പഴഞ്ചന്‍ ആയി എന്ന് മനസ്സിലാക്കി പവോ എന്ന പേര് സ്വീകരിക്കുകയും താന്‍ മോഡേണ്‍ ആണ് എന്ന് കാണിക്കാന്‍ തുളസി കേള്‍ക്കെ ഇടയ്ക്കിടയ്ക്ക് കാണാതെ പഠിച്ച കുറെ കട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു പോന്നിരുന്നു.


ഷുക്കൂരിനെ കണ്ട ഹാങ്ങ്‌ഓവറില്‍ നിന്ന് മാറിയ ഹരിശങ്കര്‍ എല്ലാവരെയും വാച്ച് ചെയ്യുവായിരുന്നു. "ഛെ..എന്റെ ടൈപ്പ് ആരുമില്ലല്ലോ". ഹരിശങ്കര്‍ അടുത്തിരുന്ന അജീന്ദ്രന്റെ അടുത്ത് പറഞ്ഞു.
"നിന്റെ ടൈപ്പോ? അതെന്തു ടൈപ്പ്?" അജീന്ദ്രന്‍ ചോദിച്ചു.
"അതൊക്കെ ഉണ്ട്" അത് തുറന്നു പറയാന്‍ ഹരിഷങ്കറിനു മടിയുണ്ടായിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹരിശങ്കര്‍ വെട്ടുകിളിയെ പോലെ ഓടി നടന്നു കോളേജിലെ പല പല സീനിയര്‍ 'ചേച്ചി'മാരോട് പ്രണയാഭ്യര്‍ത്ഥനകൾ നടത്തിയപ്പോള്‍ അവന്റെ ടൈപ്പ് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.


ലഞ്ച് ടൈം.


കാന്റീനില്‍ ഇരുന്നു ഊണ് കഴിക്കുന്നതിനിടയില്‍ ആരും പരസ്പരം അന്ന് ഒന്നും സംസാരിച്ചില്ല.
സാധാരണ പലതരം ബ്രാന്‍ഡ്‌ മദ്യത്തിനെയും കഞ്ചാവിനെയും പെണ്‍പിള്ളേരെയും പറ്റി വാ തോരാതെ സംസാരിച്ചു ബോര്‍ അടിപ്പിച്ചു കൊണ്ടിരുന്ന വിജയന്‍ ഇന്ന് സൈലന്റ് ആയി ഇരുന്നു കഴിക്കുന്നത്‌ കണ്ട ജോനസിനു അത്ഭുതം ആയി. ഇനി ഇവന്‍ നന്നായോ?

തന്റെ പ്രണയം ഇവനെ അറിയിച്ചാലോ. തൊട്ടി ആണെങ്കിലും ആളൊരു പാവം ആണ്.

"വിജയാ.."
"ഉം "
"നമ്മുടെ ക്ലാസ്സില്‍ പുതുതായി വന്ന ആ കുട്ടി ഇല്ലേ.. കുമാരി? ".
"കുമാരിക്ക്? "..വിജയന്‍ പെട്ടന്ന് തീറ്റ നിര്‍ത്തി ജോനസിന്റെ മുഖത്ത് നോക്കി.
"അല്ലാ..കുമാരിക്ക് ഒന്നുമില്ല..എനിക്ക് അവളോട്‌ ഒരു ഇത്"
"ഏത്? "...വിജയന് ജോനസിനെ ഒന്ന് തല്ലണം എന്ന് തോന്നി. ഇവന് വേറെ ആരെയും നോക്കാന്‍ കിട്ടിയില്ല അല്ലെ.
"ഒരു ഇതില്ലേ...അത്".
"അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാ മതി. അങ്ങനെ നീ അവളെ നോക്കണ്ട. അതിനു ഇവിടെ ഞാന്‍ ഉണ്ട്...കേട്ടോടാ..."..വിജയന്‍റെ സ്വരം ഉയര്‍ന്നു.
"വിജയാ.....നീയും? "..
"അങ്ങനെ വിജയന്‍റെ ഗോള്‍ പോസ്റ്റില്‍ കയറി ആരും ഗോള്‍ അടിച്ചു പഠിക്കണ്ട."..വിജയന്‍ വികാരാധീനനായി.
വിജയനോട് എന്ത് പറയണം എന്ന് ജോനസിനു അറിയില്ലായിരുന്നു.

വിജയനും ജോനസും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍ പെട്ട നാരായണനും തരുണും ഇടപെട്ടു. പ്രശ്നം ചോദിച്ചു മനസ്സിലാക്കിയ തരുണ്‍ അവസാനം ഒരു പരിഹാരവും കണ്ടുപിടിച്ചു.
"നിങ്ങള്‍ പരസ്പരം അടികൂടിയിട്ടു ഒരു കാര്യവുമില്ല. ഒരു കാര്യം ചെയ്യ്. അവള്‍ക്കു നിങ്ങളില്‍ ആരെയാണ് ഇഷ്ടപെടുന്നതെന്ന് നോക്കാം. മറ്റേ ആള്‍ ഒഴിഞ്ഞു പോയാല്‍ മതിയല്ലോ. "..കുറച്ചു നേരം ആലോചിച്ച ശേഷം തരുണ്‍ പറഞ്ഞു.
ഐഡിയ കൊള്ളാം എന്ന് ജോനസിനും വിജയനും തോന്നി.
"പക്ഷെ...നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്ക്കാന്‍ പാടില്ല." ജോനാസ് ഒരു ഉപാധി വെച്ചു. തേപ്പന്‍ ആയ വിജയന്‍ തന്നെ ഇതിനിടയില്‍ തേയ്ക്കും എന്ന് ജോനസിനു ഉറപ്പായിരുന്നു.
"അങ്ങനെ കണ്ടീഷന്‍ ഒന്നും വെയ്ക്കാന്‍ പറ്റത്തില്ല". വിജയന്‍ പറഞ്ഞു.
"അപ്പൊ ഏറ്റു. ജെന്റ്ല് മാന്‍സ് ഡീല്‍ " തരുണ്‍ പറഞ്ഞിട്ട് വിജയന്റെയും ജോനസിന്റെയും കൈകള്‍ ചേര്‍ത്ത് വെപ്പിച്ചു.
വിജയനും ജോനസും ഒരു ചിരി പാസ്‌ആക്കി കാണിച്ചു പരസ്പരം നോക്കി പല്ലിറുമ്മി.

ഈ ബഹളമൊന്നും ശ്രദ്ധിക്കാതെ കോളേജ് കാന്റീനില്‍ 12 രൂപയ്ക്ക് കിട്ടിയ വെജ്ബിരിയാണി തിന്നു തീര്‍ത്തു പാത്രം നക്കി വൃത്തിയാക്കുന്ന ഷണ്ണനെ നാരായണന്‍ പുച്ഛത്തോടെ നോക്കി. "ഇവനെയൊക്കെ...."

'ഇനി സമയം വൈകാന്‍ പാടില്ല.' തരുണ്‍ മനസ്സില്‍ പറഞ്ഞു. 'ഇല്ലെങ്കില്‍ ഈ അലവലാതികള്‍ എന്റെ പ്ലാന്‍ നശിപ്പിക്കും.'

ഈ സമയത്ത് കാന്റീനില്‍ കുറച്ചു സീനിയേഴ്സ് ചേര്‍ന്ന് ഉലകനെയും മോസ്കിയെയും റാഗ് ചെയ്യുവായിരുന്നു.
"മലയാളത്തില്‍ നിനക്കേറ്റവും ഇഷ്ടപെട്ട നടന്‍ ഏതാടാ? മോഹന്‍ലാലോ അതോ മമ്മൂട്ടിയോ?"..ചോദ്യം ഉലകന്റെ അടുത്തായിരുന്നു.
"രണ്ടുമല്ല...പ്രിത്വിരാജ്." ഉലകന്‍ പറഞ്ഞു.
കോളേജില്‍ വന്നപ്പോള്‍ ഉലകന്‍ ഒരു കറ തീര്‍ന്ന പ്രിത്വിരാജ് ഫാന്‍ ആയിരുന്നു. ഒടുവില്‍ താന്‍ ഈ കാര്യം പുറത്തു പറഞ്ഞാല്‍ മാനം പോകും എന്ന് മനസ്സിലാക്കിയ ഉലകന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു പിന്നീട് ഒരു ലാലേട്ടന്‍ ഫാന്‍ ആയി. അത് മാത്രമല്ല, താന്‍ ഒരു എക്സ് പ്രിത്വി ഫാന്‍ ആണെന്ന കാര്യം ആരും അറിയാതിരിക്കാന്‍ പിന്നീട് 'ഐ ഹേറ്റ് രായപ്പന്‍' കമ്മ്യൂണിറ്റി ഒക്കെ ഉണ്ടാക്കുകയും ഫേസ്ബുക്കില്‍ വരുന്ന ആന്റി പ്രിത്വി മെസ്സേജുകള്‍ ഒക്കെ സ്ഥിരമായി ലൈക്‌ ചെയ്യുകയും ചെയ്തു പോന്നു. കൂറ് മാറി ലാലേട്ടന്‍ ഫാന്‍ ആയതാണെങ്കിലും ഉലകന്‍ പിന്നീട് സ്ഥിരമായി എല്ലാ ലാലേട്ടന്‍ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കണ്ടിരുന്നു.

പൂച്ചി അന്ന് വളരെ സന്തോഷത്തിലായിരുന്നു. സാധാരണ പൂച്ചി വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ലഞ്ച് ആയിരുന്നു കഴിച്ചിരുന്നത്. അന്ന് പൂച്ചി ഒരു സ്വപ്നലോകത്തിലായിരുന്നു. പാത്രത്തിലെ ചോറില്‍ അവന്‍ ത്രിഷ എന്ന് വിരല്‍ കൊണ്ട് ആഴത്തില്‍ എഴുതി. എന്നിട്ട് ആ വിടവില്‍ തോരന്‍ കുത്തി നിറച്ചു. കുറച്ചു നേരം പൂച്ചി അത് തന്നെ നോക്കിയിരുന്നു. അതില്‍ ത്രിഷയുടെ മുഖം തെളിഞ്ഞു വരുന്നതായി പൂച്ചിക്ക് തോന്നി.

നിഖില്‍ ഗണപതി സ്ഥിരം ഉള്ള റൈഡ് നടത്താന്‍ വരുന്നത് കണ്ടു പൂച്ചി പെട്ടന്ന് തന്നെ ത്രിഷയുടെ പേര് എഴുതിയ ചോറ് കൂട്ടി കുഴച്ചു.
"ഹും...കാന്റീനില്‍ പോയി അവിടെ ഉള്ള എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ടു തിന്നിട്ടു വരുന്ന വരവാണ്. ക്ലാസ്സിലുള്ളവരുടെ പാത്രത്തില്‍ കൈ ഇടാന്‍...
ഇവന് ഇത്തിരി ആരോഗ്യം കൂടി പോയി. ഇല്ലായിരുന്നെങ്കില്‍..." പൂച്ചി മനസ്സില്‍ പറഞ്ഞു.

നിഖില്‍ പൂച്ചിയുടെ അടുത്ത് വന്നു പാത്രത്തില്‍ നോക്കി. തോരനും മീന്‍ പൊരിച്ചതും. നിഖില്‍ ആക്രാന്തത്തോടെ പൂച്ചിയെ നോക്കി.

ഒരു പുഴുത്ത പട്ടിക്കു ആഹാരം കൊടുക്കുന്ന അറപ്പോടെ പൂച്ചി തന്റെ പാത്രം നിഖിലിന്റെ നേര്‍ക്ക്‌ നിരക്കി വച്ചു..."എനിക്ക് വേണ്ട...നീയെടുത്തോ".

നിഖില്‍ സന്തോഷത്തോടെ പൂച്ചിയുടെ പാത്രം എടുത്തു ചോറ് കുഴച്ചു തീറ്റ തുടങ്ങി.

താന്‍ ത്രിഷയുടെ പേരെഴുതിയ ചോറ് നിഖില്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നിയെങ്കിലും പൂച്ചി പെട്ടന്ന് തന്നെ ഒരു സ്വപ്നത്തില്‍ മുഴുകി.
സ്വപ്നത്തില്‍ രണ്ടാമത്തെ കുട്ടിയെ മാമോദീസ മുക്കുന്ന സീന്‍ വരെ ആയപ്പോള്‍ നിഖില്‍ പാത്രം തിരികെ വെച്ച ശബ്ദം കേട്ട് പൂച്ചി ആ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു.

നിഖില്‍ ഗണപതി. ആറടി രണ്ടിഞ്ചു പൊക്കം. രൂപം കൊണ്ട് മാടിനെ പോലെയും സ്വഭാവം കൊണ്ട് മാടപ്രാവിനെയും പോലെ ആയതിനാല്‍ അവന്‍ മാടന്‍ എന്ന പേരില്‍ അറിയപെട്ടു.
(മാടന്റെ അധികം കഥകള്‍ ഈ എപിസോടില്‍ പറയുന്നില്ല. മാടന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അറിയാന്‍ കാത്തിരുന്നു വായിക്കുക...പണിപ്പുരയിലുള്ള ബ്ലോക്ക്ബസ്‌റ്റര്‍ എപിസോട്:മാടന്‍കൊല്ലി).



തരുണ്‍ താന്‍ കണ്ടുപിടിച്ച ഇരയെ സമീപിച്ചു.

"യോഗേഷേ...അല്ല..ഞാന്‍ ആലോചിക്കുവായിരുന്നു..."
"ഉം..എന്ത്?"
"പുതുതായി വന്ന ഈ വിജയന് ആ കുമാരിയെ കാണുമ്പോള്‍ ഒരു ഇളക്കം."
"അതിനു നമ്മള്‍ക്കെന്താ....അവന്‍ ഇളകുകയോ ചാടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.."

യോഗെഷിനു ക്ലാസ്സിലുള്ള പെണ്‍പിള്ളേര്‍ സഹോദരിമാരെ പോലെ ആയിരുന്നു. പാലക്കാട്ടില്‍ നിന്ന് വന്ന യോഗേഷിന്റെ അടുത്ത് അഗ്രഹാരത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് അച്ഛനും അമ്മയും പറഞ്ഞു വിട്ടതും അത് തന്നെ ആയിരുന്നു. "കൂടെ പഠിക്കുന്ന പെണ്‍പിള്ളേരെ നിന്റെ സഹോദരിമാരെ പോലെയേ കാണാവൂ. ..അല്ലാതെ വേറെ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ ഈ പടി ഇനി കടക്കണം എന്നില്ല."

"അതെല്ലടാ...അവന്‍ ആളു ഒരു പാവമല്ലേ..നമ്മള്‍ക്ക് അവനെ ഒന്ന് സഹായിച്ചാലോ".
"ഹും. ശെരിയാ..അവന്‍ ആള് ഒരു പാവമാ..ഒരു കാര്യം ചെയ്യ്. നമ്മള്‍ക്ക് അവനെ വിളിച്ചു സംസാരിക്കാം..നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാം"
"ഹേയ്..അത് വേണ്ട....നമ്മള്‍ സഹായിക്കുന്നതായി തോന്നിയാല്‍ അവന്‍ നിന്ന് തരത്തില്ല...നമ്മള്‍ക്ക് അവന്‍ അറിയാതെ എന്തെങ്കിലും ഹെല്‍പ് ചെയ്തു കൊടുക്കാം"
"ഹും..അതും ശരിയാ...അവന്‍ വന്‍ അഭിമാനി ആണെന്നാ കേട്ടെ....ആരുടെ കൈയില്‍ നിന്നും ഒരു പെഗ് പോലും ഓസില്ലത്രേ...സ്വന്തം കാശിനു മാത്രമേ കുടിക്കുകയുള്ളന്നാ ഞാന്‍ കേട്ടത്!!"
"അതെ..നമ്മള്‍ അവന്‍ അറിയാതെ സഹായിച്ചിട്ടേ കാര്യമുള്ളൂ". തരുണ്‍ പറഞ്ഞു.
"ശരി...നീ പറ..നമ്മള്‍ക്ക് എങ്ങനെ അവനു ഇത് ഒന്ന് സെറ്റ് ചെയ്തു കൊടുക്കാം?" യോഗേഷ് ചോദിച്ചു.
"അതൊക്കെ എന്റെ മനസ്സിലുണ്ട്....ഞാന്‍ സമയം വരുമ്പോള്‍ പറയാം...നീ എന്റെ കൂടെ നിന്നാല്‍ മതി".
"ഞാന്‍ എന്തിനും ഉണ്ട്...നമ്മുടെ വിജയന് വേണ്ടി അല്ലേ". യോഗേഷ് പറഞ്ഞു.

തരുണ്‍ തിരിച്ചു നടന്നു. ഇവന്‍ ഒരു മണ്ടന്‍ തന്നെ...ഇത്രെ പെട്ടന്ന് വീഴും എന്ന് പ്രതീക്ഷിച്ചില്ല. ബാച്ചിലെഴ്സ് ആയ വിജയനെയും ജോനസിനെയും കൊണ്ട് തന്റെ കല്യാണത്തിന് സദ്യ വിളമ്പിക്കുന്ന സീന്‍ ഓര്‍ത്തു തരുണിനു ചിരി അടക്കാന്‍ ആയില്ല.

ആ വെള്ളിയാഴ്ച വര്‍ക്ക്‌ഷോപ്പ് ചെയ്യാനായി ക്ലാസ്സ്‌ മൊത്തം ഒരുങ്ങി.

തുടരും

കുമാരിയുടെ കണ്ണുകള്‍ ഉടക്കിയ സുമേഷിന്റെ ജീവിതം നായ നക്കുമോ??
ഒരേ ആളെ നോക്കിയ വിജയനും ജോനസും ഷണ്ണനും സുമേഷും പിനീട് പെണ്ണ് കേസില്‍ തല്ലിപിരിയുമോ??
പ്രണയ ചാണക്യനായ തരുണിന്റെ മനസ്സിലുള്ള കുടിലമായ തന്ത്രത്തില്‍ പാവം യോഗേഷ് ഇരയാകുമോ?
ഇതറിയാന്‍ കാത്തിരുന്നു വായിക്കുക.....


അടുത്ത എപിസോട്:

കാലാകാലങ്ങളോളം CET യിലെ ഒരു പണിയും ഇല്ലാത്തവര്‍ ഒരു ഫുള്ളിന്റെ പുറത്തു പാടിനടന്ന ഒരു വര്‍ക്ക്‌ഷോപ്പ് പ്രണയഗാഥ.
ഒരു പ്രേമം കേരള സര്‍ക്കാരിന്റെ അരകിലോ ഹാക്ക്സൊ ബ്ലേഡ് നഷ്ടപെടുത്തിയ ആരും കേള്‍ക്കാത്ത കഥ. (courtsey : വികിലീക്സ്)
ചാല മാര്‍ക്കറ്റില്‍ കയറിയിറങ്ങി അന്വേഷിച്ചിട്ടും കിട്ടാത്ത കാലിബര്‍(caliber ) കിട്ടുമോ എന്ന് അന്വേഷിച്ചു വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പവിത്രന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

പൈങ്കിളി വര്‍ക്ക്‌ഷോപ്

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഇടുന്ന ഡിസ്ക്ലൈമര്‍: കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയില്‍ ഉള്ളവരുമായിട്ടോ യാതൊരു ബന്ധവും ഇല്ല. അഥവാ വല്ല ബന്ധവും തോന്നുവാണെങ്കില്‍ അത് വെറും യാദൃശ്ചിക൦ മാത്രം.